ചോറിന് മീൻ വറ്റിച്ചത് കിട്ടിയാൽ വേറെ എന്ത് കറി കിട്ടിയാലും ശോഭിക്കില്ല.അത്രയ്ക്ക് രുചിയല്ലേ നാടൻ വറ്റിച്ചത്. എളുപ്പത്തിൽ ഉണ്ടാക്കാനും ടേസ്റ്റിലാണെങ്കിൽ ഒന്നാം സ്ഥാനത്തുമാണ് ഈ മത്തി വറ്റിച്ചത്. ഈയൊരു നാടൻ മത്തി വറ്റിച്ചത് എങ്ങനെ കഴിക്കാമെന്ന് നോക്കാം.
ഇതുണ്ടാക്കാൻ ആവശ്യമായ ചേരുവകൾ പറയാം. മത്തി – 1 കിലോ, ഇഞ്ചി – 1 കഷണം, വെളുത്തുള്ളി – 5 എണ്ണം, ചെറിയ ഉള്ളി – 9 എണ്ണം, മുളക് പൊടി – 1 ടീസ്പൂൺ, കാശ്മീരിചില്ലിപൊടി – 1 ടീസ്പൂൺ, മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ, തക്കാളി – 2 എണ്ണം, ഉലുവപ്പൊടി – 1 ടീസ്പൂൺ, കറിവേപ്പില, പുളി – ഒരു നാരങ്ങാ വലുപ്പം, വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ. ഇനി മത്തി വറ്റിച്ചെടുക്കാം.
ആദ്യം തന്നെ പുളി ഒരു നെല്ലിക്കാ വലുപ്പത്തിലെടുത്ത് ഒരു ബൗളിലിടുക. അതിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ശേഷം മത്തിയെടുത്തത് വൃത്തിയായി കഴുകി എടുക്കുക. ശേഷം ഫ്രൈ ചെയ്യാനെടുക്കുന്ന പോലെ മത്തിയ്ക്ക് വരയിട്ട് കൊടുക്കുക. പിന്നീട് ഒരു മൺചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം വെളിച്ചെണ്ണ ഒഴിക്കുക.
കുറച്ച് ചൂടായ വെളിച്ചെണ്ണയിൽ മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും ചേർത്ത് വഴറ്റുക. ശേഷം ഇറക്കി വച്ച് മിക്സാക്കുക. പിന്നീട് മൺട്ടിയിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ചെറിയ ഉള്ളി ചതച്ചത്, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് കൊടുക്കുക. ശേഷം മഞ്ഞൾ പൊടിയും, പെരുംജീരകപ്പൊടിയും ചേർത്ത് കൈകൊണ്ട് നന്നായി പിഴിഞ്ഞതിനു ശേഷം പുളിവെള്ളം ഒഴിക്കുക. ശേഷം മത്തി ചേർത്ത് ഇളക്കി കൊടുക്കുന്നു.
പിന്നീട് തിളപ്പിക്കാൻ ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുന്നു. ഒരു 15 മിനുട്ടെങ്കിലും തിളപ്പിക്കുക.’തിളച്ച് പാകമായി വറ്റി വരുമ്പോൾ കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇറക്കിവയ്ക്കുക. പിന്നീട് സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ചോറിൻ്റെ കൂടെ കഴിച്ചു നോക്കൂ. പിന്നെ നിങ്ങൾ മത്തി ഇതുപോലെയേ ഉണ്ടാക്കൂ.