ഇന്ന് നമുക്ക് വ്യത്യസ്തമായ ഒരു കൂൾബാർ സ്പെഷലായ അവിൽ മിൽക്ക് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിലും തയ്യാറാക്കാൻ പറ്റുന്ന മിൽക്ക് ഷെയ്ക്കാണിത്. അപ്പോൾ ഇത് ഉണ്ടാക്കുന്ന കാര്യത്തിലേക്ക് കടക്കാം. ഇനി നമുക്ക് ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
മട്ട അവിൽ – 1/2 കപ്പ്, നിലക്കടല – 2 ടേബിൾ സ്പൂൺ, പാൽ – 13/4 കപ്പ്, പൂവൻപഴം – 2 എണ്ണം, പഞ്ചസാര – 1 ടേബിൾ സ്പൂൺ, ഹോർലിക്സ്/ബൂസ്റ്റ് – 1 ടേബിൾ സ്പൂൺ. ഇതൊക്കെയാണ് അവിൽ മിൽക്ക് ഉണ്ടാക്കാൻ വേണ്ടത്. ഇനി ഇതു കൊണ്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആദ്യം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം അതിൽ അവിൽ ചേർക്കുക. ലോ ഫ്ലെയ്മിൽ വറുത്തെടുക്കുക. ശേഷം ഒരു ക്രിസ്പി ടൈപ്പായി വരുമ്പോൾ ഇറക്കി വയ്ക്കുക. പിന്നീട് അതേ പാനിൽ ഉപ്പില്ലാത്ത നിലക്കടല ഇട്ട് ഒന്നു വഴറ്റിയെടുക്കുക.
മിക്സിയുടെ ജാറെടുത്ത് അതിൽ വറുത്തെടുത്ത അവിൽ ഇടുക. കുറച്ച് അവിൽ മാറ്റി വയ്ക്കുക. അതുപോലെ വറുത്തെടുത്ത നിലക്കടലയും കുറച്ച് എടുത്ത് വച്ച് ഇട്ട് കൊടുക്കുക. പിന്നീട് രണ്ട് പൂവൻപഴം മുറിച്ച് ഇട്ട് കൊടുക്കുക. ശേഷം ഒരു മണിക്കൂർ ഫ്രീസറിൽ വച്ച പാൽ ഇട്ട് കൊടുക്കുക. ഇനി കുറച്ച് ബൂസ്റ്റ് ചേർത്ത് കൊടുക്കാം. ബൂസ്റ്റില്ലെങ്കിൽ ഹോർലിക്സ് ഇട്ട് കൊടുക്കാം. ശേഷം പഞ്ചസാര ചേർക്കുക. പിന്നെ മൂടിവച്ച് അടിച്ചെടുക്കുക. ശേഷം നിലക്കടല ഒന്ന് ചെറുതായെന്ന് പൊടിച്ചെടുക്കുക.
പിന്നീട് ഗ്ലാസെടുത്ത് മിൽക്ക് ഷെയ്ക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഗ്ലാസിൻ്റെ മുകളിലായി എടുത്തു വച്ച അവലും, നിലക്കടലയും ചേർത്ത് കൊടുക്കുക. അങ്ങനെ നമ്മുടെ രുചികരമായ അവിൽ മിൽക്ക് റെഡി. ഇതു പോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു മിൽക്ക് ഷെയ്ക്കാണിത്.