നാടന്‍ രീതിയില്‍ ബീഫ് വരട്ടിയതും പൊതിപൊറോട്ടയും ഉണ്ടാക്കാം. അടിപൊളി സ്വാദ്. വീട്ടിലെ അടുക്കളയിൽ ഉണ്ടാക്കാം

ഒരു കിലോ ബീഫ് നുറുക്കി നന്നായി വൃത്തിയാക്കി കഴുകി പാകത്തിനു ഉപ്പ്, കാല്‍ റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി, രണ്ട് റ്റീസ്പൂണ്‍ മുളക് പൊടി, രണ്ട് റ്റീസ്പൂണ്‍ മല്ലിപൊടി, അര റ്റീസ്പൂണ്‍ കുരുമുളക് പൊടി, നാലു പച്ചമുളക് നാലാക്കി മുറിച്ചത്, വേപ്പില, ഇഞ്ചി ഒരു തുടം വെളുത്തുള്ളി കൂട്ടി ചതച്ചത്, ഒരു സവാള നീളത്തില്‍ അരിഞ്ഞത് എന്നിവ ചേര്‍ത്ത് കുറച്ച് വെളിച്ചെണ്ണ കൂട്ടി കൈകൊണ്ട് നന്നായി തിരുമ്മി വേവിക്കുക. നാടന്‍ രീതി ആയതുകൊണ്ട് നമുക്ക് മണ്‍കലത്തിലോ ഉരുളിയിലോ വേവിക്കാം.

മണ്‍കലത്തില്‍ വിറകടുപ്പില്‍ വേവിച്ച ബീഫിന്‍റെ രുചി ഏത് കുക്കറില്‍ വിസിലടിച്ചാലും കിട്ടില്ല മക്കളേ.. അങ്ങനെ നന്നായി വെന്ത ബീഫ് അടുപ്പില്‍ നിന്നിറക്കി വയ്ക്കുക. ഒരു ഉരുളിയില്‍ വെളിചെണ്ണ ഒഴിച്ച് ഒരു കപ്പ് ഉള്ളി രണ്ടായി കീറിയത്, പച്ച മുളക് നാലാക്കി കീറിയത് അഞ്ചെണ്ണം വേപ്പില രണ്ട് തണ്ട്,ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ത്ത് വഴറ്റുക. വാടി വരുമ്പോള്‍ മുളക് പൊടി മല്ലി പൊടിരണ്ട് റ്റേബിള്‍ സ്പൂണ്‍ വീതം, മഞ്ഞള്‍പൊടി അര റ്റീസ്പൂണ്‍, കുരുമുളക് പൊടി ഒരു റ്റീസ്പൂണ്‍ എന്നിവ ചേര്‍ത്ത് പച്ചമണം മാറി മൊരിഞ്ഞു വരുമ്പോള്‍ വേവിച്ച ബീഫ് ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. ഖരം മസാല ചേര്‍ത്ത് ഇളക്കി നന്നായി വെള്ളം വറ്റിച്ച് വരട്ടിയെടുക്കുക.

പൊതിപൊറോട്ട ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം വാട്ടിയെടുത്ത വാഴയിലയില്‍ ഒരു പൊറോട്ട വച്ച് അതിനു മുകളില്‍ ബീഫ് വരട്ടിയത് നിരത്തുക അതിനു മുകളില്‍ ഒരു പൊറോട്ട കൂടി വച്ച് വാഴയില നന്നായി പൊതിഞ്ഞു കിഴി പൊലെവാഴനാരുകൊണ്ട് കെട്ടി ഇഡ്ഡലിതട്ടില്‍ വച്ച് ആവിയില്‍ പതിനഞ്ചു മിനിറ്റ് വേവിക്കുക.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →