കേരളത്തിൽ ഇപ്പോൾ ടെൻറായിട്ടുള്ള ബിസ്ക്കറ്റ് ചായ കുടിക്കാൻ ഇനി തൃശൂർ ഒന്നും പേവേണ്ടതില്ല. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം.


ചായ കുടിച്ച് പ്ലാസ്റ്റിക് കപ്പുകളും മറ്റും ചാടുന്നതിനു പകരം ബിസ്ക്കറ്റ് ഉപയോഗിച്ച് നിർമ്മിച്ച കപ്പിൽ ചായ കുടിച്ച് ബിസ്ക്കറ്റ് തിന്നുകയും ചെയ്യാം. ഈ ബിസ്ക്കറ്റ് ഗ്ലാസ് വീട്ടിൽ നമുക്ക് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇത് ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ നോക്കാം.

ബട്ടർ – 150ഗ്രാം, ബ്രൗൺ ഷുഗർ – 1/2 കപ്പ്, പഞ്ചസാര – 1/4 കപ്പ്, ഉപ്പ് – 1/4 ടീസ്പൂൺ,വാനില എസൻസ് – 1 ടേബിൾ സ്പൂൺ, ചോക്കോ ചിപ്സ് – 1/2 കപ്പ്, മുട്ട – 1 എണ്ണം, മൈദ – 2 കപ്പ്, എണ്ണ – കുറച്ച്.

ഇനി നമുക്ക് തയ്യാറാക്കാം. ആദ്യം ബട്ടർ ഒരു ബൗളിലിട്ട് നല്ല രീതിയിൽ ബീറ്റ് ചെയ്തെടുക്കുക. ശേഷം അതിൽ ബ്രൗൺഷുഗർ ഇട്ട് കൊടുക്കുക. മിക്സാക്കുക. പിന്നീട് പഞ്ചസാരയും ഉപ്പും ചേർത്ത് നല്ല വണ്ണം ബീറ്റ്ചെയ്യുക. പിന്നീട് വാനില എസൻസും മുട്ടയും ചേർത്ത് ബീറ്റ് ചെയ്തെടുക്കുക. ശേഷം ചോക്കോ ചിപ്സ് ചേർക്കുക. ചോക്കോ ചിപ്സ് നിർബന്ധമില്ല. നിങ്ങ ളുടെ കൈയിൽ ഇല്ലെങ്കിൽ ഒഴിവാക്കാം. ശേഷം മൈദ ചേർത്ത് കൈ കൊണ്ട് കുഴച്ചെടുക്കുക. പിന്നീട് ഒരു 5 മിനുട്ട് മൂടിവയ്ക്കുക. ശേഷം 2 ഡിസ്പോസിബിൾ ഗ്ലാസെടുക്കുക.

അതിൽ എണ്ണ സ്പ്രെഡ് ചെയ്യുക. പിന്നെ നമ്മൾ തയ്യാറാക്കി വച്ച മൈദയുടെ മിക്സ് ബോളാക്കി എടുക്കുക. അത് ഡിസ്പോസിബിൾ ഗ്ലാസിൽ വയ്ക്കുക. ശേഷം സ്റ്റീൽ ഗ്ലാസെടുക്കുക. സ്റ്റീൽ ഗ്ലാസിൽ മുഴുവൻ എണ്ണ സ്പ്രെഡ് ചെയ്യുക. ശേഷം ഡിസ്പോസിബിൾ ഗ്ലാസിൽ താഴ്ത്തിവയ്ക്കുക. പിന്നീട് ബേക്ക് ചെയ്യാൻ വയ്ക്കണം. അതിനായി ഒരു പാൻ ചൂടാവാൻ ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി ചൂടാവാൻ വയ്ക്കുക. ശേഷം ഒരു സ്റ്റാൻ്റ് വച്ചതിനു ശേഷം ബേക്കിംങ് ട്രേ വയ്ക്കുക. പിന്നീട് തയ്യാറാക്കി വച്ച ഗ്ലാസുകൾ ട്രേയിൽ വച്ച് അതിൽ വെയിറ്റിനായി ഗ്ലാസ് നിറയെ അരിയോ മറ്റോ ചേർക്കുക.

പിന്നെ 50 മിനുട്ട് ലോ ഫ്ലെയ്മിൽ വയ്ക്കുക. 50 മിനുട്ടിനു ശേഷം തുറന്ന് പുറത്തെടുക്കുക. തണുത്തതിനു ശേഷം മാത്രം ഉള്ളിലുള്ള സ്റ്റീൽ ഗ്ലാസ് പുറത്തെടുക്കുക. ശേഷം പുറത്തുള്ള ഡിസ്പോസിബിൾ ഗ്ലാസ് മാറ്റിയെടുക്കുക. അങ്ങനെ സൂപ്പർ ബിസ്ക്കറ്റ് കപ്പ് റെഡിയായി. ശേഷം ചോക്ലേറ്റ് ഗണഷേ കപ്പിൽ പുരട്ടി കൊടുക്കുക. പിന്നീട് ഫ്രിഡ്ജിൽ ഒരു മണിക്കൂർ വയ്ക്കുക. ശേഷം പുറത്തെടുത്ത് ചൂടോടെ ചായ ഒഴിച്ച് നോക്കു. 10 മിനുട്ട് നേരമെങ്കിലും പൊട്ടിപ്പോവാതെ ഗ്ലാസ് നിൽക്കും. 10 മിനുട്ട് കഴിഞ്ഞാൽ അലിഞ്ഞു പോവും. അതിനാൽ 10 മിനുട്ടിനുള്ളിൽ ചായ കുടിച്ച് തീർക്കണം. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.