മലബാർ സ്പെഷൽ കല്ലുമ്മക്കായ റൈസ് കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.

മലബാർ വിഭവങ്ങൾ എത്ര കഴിച്ചാലും മതിവരില്ല. ബിരിയാണിയുടെ കാര്യത്തിൽ മലബാർ ബിരിയാണിയുടെ രുചി പറയേണ്ടതില്ലല്ലോ. അപ്പോൾ നമുക്ക് ഇന്ന് തനി നാടൻ മലബാർ കല്ലുമ്മക്കായ ബിരിയാണി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

കല്ലുമ്മക്കായ – 250 ഗ്രാം, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, ഉപ്പ്, ഉള്ളി – 1 എണ്ണം, പട്ട- ചെറിയ കഷണം, ഗ്രാമ്പൂ – 2 എണ്ണം, ഏലക്കായ – 1 എണ്ണം, പച്ചമുളക് – 3 എണ്ണം, ഇഞ്ചിവെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, തക്കാളി – 2 എണ്ണം, കറിവേപ്പില, പുഴുങ്ങലരി – 1 കപ്പ്, തേങ്ങാപാൽ – 11/2 കപ്പ്, എണ്ണ, പശുവിൻ നെയ്യ്, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക്പൊടി – 1 ടീസ്പൂൺ, പെരുംജീരകം പൊടിച്ചത് – 1 ടേബിൾ സ്പൂൺ, ഗരംമസാല പൊടി – 1/2 ടീ സ്പൂൺ, പെരുംജീരകം പൊടി – 11/2 ടീസ്പൂൺ, ഉപ്പ്. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് രുചികരമായ ബിരിയാണി തയ്യാറാക്കാം.

ആദ്യം കല്ലുമ്മക്കായ വൃത്തിയാക്കി കഴുകി എടുത്ത ശേഷം അതിൽ ഒരു ടീസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കി ഒരു അര മണിക്കൂർ വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. ശേഷം കല്ലുമ്മക്കായ മസാല പുരട്ടിയത് ഇട്ട് ഫ്രൈ ചെയ്യുക. ഫ്രൈ ആയ ശേഷം ഒരു പാത്രത്തിൽ മാറ്റി വയ്ക്കുക.

ഒരു ബിരിയാണി പാത്രമെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. അതിൻ്റെ കൂടെ 1 ടീസ്പൂൺ പശുവിൻ നെയ്യ് ഒഴിക്കുക. ശേഷം പട്ട, ഗ്രാമ്പൂ, ഏലക്കായ ഇട്ട് കൊടുക്കുക. ഇനി അതിലോട്ട് ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ഉള്ളി വഴന്നു വരാൻ കുറച്ച് ഉപ്പിട്ട് വഴറ്റുക. ശേഷം പച്ചമുളകും, ഇഞ്ചി വെളുത്തുള്ളി ചേർത്ത് വഴറ്റുക. പച്ചമണം മാറിയ ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം അരിഞ്ഞുവച്ച തക്കാളി ചേർക്കുക. നല്ല രീതിയിൽ വഴറ്റി എടുക്കുക.

കഴുകിയെടുത്ത അരി ചേർക്കുക. മിക്സാക്കുക. പിന്നീട് നമ്മൾ എടുത്തു വച്ച ഒന്നരക്കപ്പ് തേങ്ങാപ്പാൽ ഒഴിക്കുക. മിക്സാക്കുക. ഇനി അതിൽ ഉപ്പ് നോക്കിയിട്ട് ഉപ്പ് ചേർക്കുക. ശേഷം തിളപ്പിക്കുക. തിളച്ചു വരുമ്പോൾ മൂടിവച്ച് ലോ ഫ്ലെയ്മിൽ വേവിച്ചെടുക്കുക. ഇടയ്ക്ക് ഒന്നു തുറന്നു നോക്കി ഇളക്കി കൊടുക്കുക. ശേഷം മൂടിവച്ച് വേവിക്കുക. പാകമായോ എന്ന് നോക്കി ഇറക്കി വയ്ക്കുക. നല്ല രുചികരമായ മലബാർ കല്ലുമ്മക്കായ ബിരിയാണി റെഡി. ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കൂ. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും.