മിനുട്ടുകൾ കൊണ്ട് തയ്യാറാക്കാം ബ്രഡ് ഗുലാബ് ജാമുൻ.


ഗുലാബ് ജാമുൻ നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള സ്വീറ്റ്സാണ്. എന്നാൽ കുട്ടികൾക്ക് ഇത് കിട്ടിയാൽ പിന്നെ ഒന്നും വേണ്ട. എന്നാൽ നാം എപ്പോഴും ഉണ്ടാക്കുന്നത് മൈദയും, പാൽപ്പൊടിയുമൊക്കെ ചേർത്താണ്. ഇന്ന് ഉണ്ടാക്കാൻ പോകുന്നത് അധികം ആരും ഉണ്ടാക്കാത്ത ബ്രഡ് കൊണ്ടുള്ള ഗുലാബ് ജാമുനാണ്. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം. അപ്പോൾ അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ബ്രഡ് – 1 പേക്ക്, പാൽ – 1/2 ലിറ്റർ, പഞ്ചസാര – 250ഗ്രാം, വാനില എസൻസ് – 2 തുള്ളി, വെള്ളം, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്.

ആദ്യം ബ്രെഡ് എടുത്ത് അതിൻ്റെ സൈഡ് കട്ട് ചെയ്ത് മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കുക. ശേഷം അത് ഒരു ബൗളിലിട്ട് തിളപ്പിച്ചാറിയ പാൽ കുറേശ്ശെ ഒഴിച്ച് കുഴച്ചെടുക്കുക. ചപ്പാത്തിക്കൊക്കെ കുഴക്കുന്നതു പോലെ വേണം കുഴച്ചെടുക്കാൻ. കുഴച്ചെടുത്തതിനെ ചെറിയ ഉരുളകളാക്കി വയ്ക്കുക.ശേഷം ഒരു പാത്രത്തിൽ 250 പഞ്ചസാര ചേർത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അത് ഇളക്കി കൊണ്ടിരിക്കുക. ലോ ഫ്ലെയ്മിൽ വേണം ഉണ്ടാക്കിയെടുക്കാൻ. കുറച്ച് കട്ടയായി വരുമ്പോൾ ഇറക്കി വയ്ക്കുക. അതിൽ 2 തുള്ളി വാനില എസൻസ് ചേർക്കുക. വാനില എസൻസ് നിർബന്ധമില്ല. നിങ്ങളുടെ കൈയ്യിൽ ഇല്ലെങ്കിൽ 1 ടീസ്പൂൺ ഏലക്കായ പൊടിച്ച് ചേർത്താൽ മതി.

ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. ശേഷം നമ്മൾ ഉരുളകളാക്കി വച്ച ബ്രെഡ് ഓരോന്നായി ഈ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ലോ ഫ്ലെയ്മിൽ ഇളക്കി കൊടുത്ത് വേണം ഫ്രൈ ചെയ്യാൻ. ലൈറ്റ് ബ്രൗൺ കളർ ആവുമ്പോൾ കോരിയെടുക്കുക.

അപ്പോൾ തന്നെ നമ്മൾ തയ്യാറാക്കി വച്ച ചൂടുള്ള പഞ്ചസാര പാനിയിൽ ഇട്ട് കൊടുക്കുക. എല്ലാ ഗുലാംജാമുന്നും അങ്ങനെ തയ്യാറാക്കി എടുക്കുക. ഒരു അര മണിക്കൂർ സമയം പഞ്ചസാര പാനിയിലിട്ട് വയ്ക്കുക. ശേഷം കഴിച്ചു നോക്കൂ. നല്ല സോഫ്റ്റ് ഗുലാബ് ജാമുൻ തയ്യാറായിട്ടുണ്ടാവും. വളരെ എളുപ്പത്തിൽ ആർക്കു വേണമെങ്കിലും തയ്യാറാക്കാവുന്ന ഒരു ഗുലാബ് ജാമുൻ ആണിത്. എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ.