ചട്ടിയിൽ മീൻകറി ഇങ്ങനെ ഉണ്ടാക്കൂ.. പണ്ട് കഴിച്ച ആ മീൻകറിയുടെ രുചി നാവിൽ വരുന്നത് അറിയാം

ചട്ടിയിൽ മീൻ കറി കഴിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും അല്ലെ. അക്കാര്യം ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നവരാണ് നമ്മൾ ഏറെയും. തലേന്നാൾ വെള്ളത്തിൽ ഇട്ടുവെച്ച ചോറും മീൻ കറി യും കൂട്ടി ഒരു പിടി പിടിച്ചാലോ.. അതിനു പറ്റിയ ഒരു അഡാർ മീൻ കറി ആണ് അപ്പൊ ഇന്നത്തെ നമ്മുടെ വിഭവം.

മത്തി/ചാള1/2 കിലോ, ചെറിയ ഉള്ളി ഒരു പിടി, തേങ്ങാ- അര മുറി, ഇഞ്ചി-ഒരു ചെറിയ കഷ്ണം, വെളുത്തുള്ളി-2 അല്ലി, കറി വേപ്പില-2 തണ്ട്, മഞ്ഞൾപൊടി-അര ടീസ്പൂൺ, മല്ലിപ്പൊടി-1 ടീസ്പൂൺ, മുളക്പൊടി-രണ്ടര ടീസ്പൂൺ, കാശ്മീരി മുളക്പൊടി-ഒരു ടീസ്പൂൺ, വെളിച്ചെണ്ണ- ആവശ്യത്തിന്, ഉപ്പു- ആവശ്യതിനു, തക്കാളി- ഒരെണ്ണം, പുളി വെളളം-ആവശ്യതിനു. ഇനി നമുക്കു ഇത് എങ്ങനെ ആണ് ഉണ്ടാകുന്നതെന്ന് നോക്കാം.

ആദ്യമായി ഒരു മിക്സിയുടെ ജാറിൽ ചിരകി വെച്ച തേങ്ങയും 2 ചെറിയ ഉള്ളിയും 2 അല്ലി വെളുത്തുള്ളിയും ഇഞ്ചിയും ഒരു തണ്ട് കറി വേപ്പിലയും മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളക്പൊടി എന്നിവയും ചേർത്ത് നന്നായി വെണ്ണ പോലെ അരച്ചെടുക്കുക. ശേഷം ഈ അരച്ച കൂട്ട് ഒരു മണ് ചട്ടിയിലേക് മാറ്റി ആ ജാർ തന്നെ വെള്ളം ഒഴിച്ച് നന്നായി കഴുകി ഇതിലേക് ഒഴിക്കുക. അപ്പോൾ ജാറിൽ അവശേഷിക്കുന്ന അരപ്പും കൂടെ ഇങ്ങു പോരും.

ഇനി ഇതിലേക് ആവശ്യത്തിനുള്ള പുളി പിഴിഞ്ഞു ഒഴിക്കുക. ഞാൻ ഇവിടെ സാമ്പാർ പുളി ആണ് ട്ടോ ഉദ്ദേശിക്കുന്നത്. അപ്പോ അതും കൂടെ ഒഴിച്ചു തക്കാളി കൂടെ അരിഞ്ഞിട്ടു പാകത്തിന് ഉപ്പും ചേർത്ത് ബാക്കി കറി യിലേക് ആവശ്യമായ വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് അടുപ്പത് വെക്കുക. ഇനി ഇത് നന്നായൊന്നു തിളച്ചതിനു ശേഷം  നമുക്ക്‌ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന സുന്ദരീമണികൾ ആയ ചാളയെ എടുത്ത് ഇതിലോട്ടങ് പൊക്കിയിടുക. ഇനി കറി തവി വെച്ചു വല്ലാതെ അങ്ങു ഇളക്കരുത്.പണി കിട്ടും. സോ വളരെ പതുക്കെ ഇളക്കുന്നതാണ് നമ്മൾ മുൻപ് ഇട്ട മത്തിയുടെ ആരോഗ്യത്തിനു നല്ലത്. ഒരു 5 മിനുറ്റ്.

നമ്മുടെ മീൻ എല്ലാം കിടന്നു വെന്തു വെട്ടി തിളകുന്നുണ്ടാകും ഇപ്പോൾ. എന്നിരുന്നാലും നമ്മൾ വെന്തു എന്നു ഉറപ്പാക്കിയതിനു ശേഷം മാത്രമേ തീ ഓഫാക്കാൻ പാടുള്ളു. ശേഷം മറ്റൊരു ചീന ചട്ടി വെച്ച് ചൂടാക്കി എണ്ണയൊഴിച്ചു 4 ചെറിയ ഉള്ളിയും അരിഞ്ഞിട്ടു ഒരു തണ്ട് കറി വേപ്പിലയും മേമ്പൊടിക് ഇട്ടു ഇത് നന്നായൊന്നു മൂത്തു വന്നതിനു ശേഷം നമ്മുടെ ഇന്നത്തെ ഹീറോ ആയ മത്തി കറി യിലേക് തട്ടുക. കുറച്ച് കറി തവിയിൽ എടുത്ത് അത് ആ ചീനച്ചട്ടിയിൽ ഒഴിച് ഒന്നു ചുറ്റിച്ചതിനു ശേഷം കറി യിലേക് ഒന്നുകൂടി ഒഴിക്കാവുന്നത് ആണ്. അങ്ങനെ നമ്മുടെ ഒരു ഒന്നൊന്നര മീൻ കറി റെഡി ആയിക്കഴിഞ്ഞു. ഇത് ഇങ്ങനെ ഇരിക്കും തോറും ടേസ്റ്റ് കൂടി കൊണ്ടേ ഇരിക്കും.. അപ്പൊ എല്ലാവരും ഹാപ്പി ആയല്ലോലെ..

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →