ചിക്കൻ കിട്ടിയാൽ എന്തുണ്ടാക്കണം എന്നാണ് ആലോചിക്കുക. എപ്പോഴും കറിയുണ്ടാക്കിയാൽ മടുക്കുമല്ലോ. ഒന്നു മാറ്റി പിടിച്ചു നോക്കാം. ഇന്നൊരു ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കാം. ഇതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചിക്കൻ – 1 കി. ലോ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1ടീസ്പൂൺ, കുരുമുളക് പൊടി – 11/2 ടീസ്പൂൺ, ഖരം മസാല – 1 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ, ഉള്ളി – 3 എണ്ണം.
ഈ ചേരുവകൾ ഒക്കെ കൊണ്ട് ചിക്കൻ ചുക്ക ഉണ്ടാക്കി തുടങ്ങാം. ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം നേരിയതായി ഉള്ളി അരിഞ്ഞെടുക്കുക. ഗ്യാസിൽ കടായ് വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഉള്ളി വഴറ്റി എടുക്കുക. ഒരു ഇളം കളർ മാറിയ ശേഷം ഇറക്കി വയ്ക്കുക. പിന്നീട് ഒരു ബൗളെടുത്ത് അതിൽ ചിക്കൻ ഇടുക. അതിൽ മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, ഉപ്പ്, ഖരം മസാല, കറിവേപ്പില, വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ, പിന്നെ വറുത്തു വച്ച ഉള്ളി ഇതൊക്കെ ചേർത്ത് കൈ കൊണ്ട് മിക്സാക്കി എടുക്കുക.അത് അര മണിക്കൂർ മൂടിവയ്ക്കുക.
അര മണിക്കൂർ കഴിഞ്ഞ് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ചൂടായ ശേഷം ബാക്കിയുള്ള 1 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. പിന്നെ മിക്സ് ചെയ്ത ചിക്കൻ അതിലിടുക. നല്ല വണ്ണം മൂടിവച്ച് പാകമാവാൻ വയ്ക്കുക. ഒരു മീഡിയം ഫ്ലെയ്മിൽ ഇട്ട് ഇടക്കിടയ്ക്ക് ഇളക്കി കൊടുത്ത് വേവിക്കുക.വെള്ളം ഒഴിക്കരുത്. ചിക്കൻ്റെ വെള്ളം കൊണ്ട് പാകമാവണം.
കുറച്ച് ഡ്രൈ ആയി വരുന്നത് വരെ അര മണിക്കൂറെങ്കിലും വഴറ്റി എടുക്കുക. കണ്ടാൽ തന്നെ തിന്നാൻ തോന്നും. അത്രയും രുചികരമായ ചിക്കൻ വിഭവമാണ് ചിക്കൻ ചുക്ക. ചപ്പാത്തിക്കും, റൊട്ടിക്കും, നാണിൻ്റെയും കൂടെ കഴിച്ചു നോക്കു. വീട്ടിൽ തയ്യാറാക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. എല്ലാം വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം മതി.