ചായക്കടയിലെ രുചികരമായ ചിക്കൻ പക്കവട ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാം

വളരെ രുചികരമായി നമുക്ക് ഒരു സ്നാക്സ് തയ്യാറാക്കാം. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇഷ്ടപ്പെടുന്ന സ്നാക്സാണിത്.ക്രിസ്പി ചിക്കൻ പക്കോട. വളരെ എളുപ്പത്തിൽ വീട്ടിൽ നമുക്ക് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ബോൺലെസ്സ് ചിക്കൻ – 100 ഗ്രാം, മുളക് പൊടി – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മല്ലിപ്പൊടി – 1/4 ടീസ്പൂൺ, ജീരകപ്പൊടി –  1/4 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, ചാറ്റ് മസാല-1/2 ടീസ്പൂൺ, ഉപ്പ് – 1/4 ടീസ്പൂൺ, സോയ സോസ് – 1 ടീസ്പൂൺ, ഉള്ളി – 1/4 കപ്പ്, കടലപ്പൊടി – 1/4 കപ്പ്, കോൺഫ്ലോർ അല്ലെങ്കിൽ അരിപ്പൊടി – 2 ടേബിൾ സ്പൂൺ ,എണ്ണ – ആവശ്യത്തിന്, മല്ലി ചപ്പ്. 

ആദ്യം തന്നെ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. പിന്നീട് ഒരു ബൗളിൽ ഇടുക. അതിൽ മസാലകളായ മുളക് പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, ഉപ്പ്, ചാറ്റ്മസാല, സോയാ സോസ് എന്നിവ ഒക്കെ ചേർത്ത് കുഴച്ച് ഒരു 15 മിനുട്ട് വയ്ക്കുക. പിന്നീട് 15 മിനുട്ട് കഴിഞ്ഞ് അതിൽ ചെറുതായി അരിഞ്ഞ ഉളളി, അരിപ്പൊടി, കടലപ്പൊടി, മല്ലി ചപ്പ് എന്നിവ ഇട്ട് കുഴക്കുക. അരിപ്പൊടിക്ക് പകരം കോൺ ഫ്ലോർ ഉപയോഗിക്കാം. കുറച്ച് വെള്ളം ഒഴിച്ച് കുഴക്കുക. ശേഷം ഒരു 10 മിനുട്ട് വയ്ക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ നമ്മൾ തയ്യാറാക്കിയ ചിക്കൻ മിക്സ് ചെറിയ ഉരുളകളാക്കി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. നല്ല രുചികരമായ ചിക്കൻ പക്കോഡ റെഡി. ടൊമാറ്റോ സോസ് കൂട്ടി കഴിച്ചു നോക്കൂ. നല്ല രുചിയായ ഈ വിനിംങ് സ്നാക്സാണിത്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ചിക്കൻ കഴിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ചിലപ്പോൾ ഇങ്ങനെ ഉണ്ടാക്കിയാൽ അവർ തീർച്ചയായും കഴിക്കും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →