വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ചിക്കൻ വിഭവമാണ് ചിക്കൻ റോസ്റ്റ്. നല്ല നാടൻ സ്റ്റൈലിൽ നമുക്ക് റോസ്റ്റ് തയ്യാറാക്കാം. അതിന് എന്തൊക്കെ വേണമെന്ന് നോക്കാം. ചിക്കൻ – 1 കിലോ, ഉള്ളി – 2 എണ്ണം, തക്കാളി – 1 എണ്ണം, ഇഞ്ചി വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ, കാശ്മീരി മുളക് പൊടി- 2 ടേബിൾ സ്പൂൺ, മല്ലിപ്പൊടി – 11/2 ടീസ്പൂൺ, ഗരം മസാല – 1 ടേബിൾസ്പൂൺ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, കറിവേപ്പില, മല്ലി ചപ്പ്, എണ്ണ, ഉപ്പ്.
ആദ്യം തന്നെ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. പിന്നീട് ഒരു ബൗളിൽ ഇടുക. അതിൽ 1 ടേബിൾ സ്പൂൺ മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്, കുറച്ച് മഞ്ഞൾ പൊടി, 1/2 ടേബിൾ സ്പൂൺ ഗരം മസാല തുടങ്ങിയവ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അങ്ങനെ ഒരു അര മണിക്കൂർ മൂടിവയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ ചിക്കനിട്ട് രണ്ടു ഭാഗവും ഫ്രൈ ചെയ്തെടുത്തു വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക.
അതിൽ ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് കറിവേപ്പില എന്നിവ ചേർത്ത് മിക്സാക്കുക. പച്ചമുളകും ഉപ്പും കൂടി ചേർത്ത് നല്ലവണ്ണം വഴറ്റുക. പിന്നെ മസാലകളായ മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി, മല്ലിപ്പൊടി, എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ശേഷം അരിഞ്ഞുവച്ച തക്കാളി ചേർക്കുക. മൂടിവച്ച് വേവിക്കുക. പിന്നീട് നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ ചേർക്കുക. ഒരു അഞ്ചു മിനുട്ടെങ്കിലും മൂടിവച്ച് വേവിക്കുക. ശേഷം തുറന്നു നോക്കി അതിൽ മല്ലി ചപ്പ് ചേർക്കുക. പിന്നീട് ഇറക്കിവയ്ക്കുക.
നല്ല രുചികരമായ ചിക്കൻ റോസ്റ്റ് റെഡി. ചപ്പാത്തിക്കും നാണിനും ഇതുണ്ടെങ്കിൽ എത്ര കഴിക്കുമെന്ന് പറയാൻ പറ്റില്ല. എല്ലാവരും ഒന്നു ഉണ്ടാക്കി നോക്കു.