മുട്ട കൊണ്ടുള്ള എല്ലാ വിഭവവും നമുക്ക് ഇഷ്ടമാണല്ലോ. കുട്ടികൾക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ് മുട്ട. എന്നാൽ നമ്മൾ കൂടുതലായും ഉണ്ടാക്കുന്നത് എഗ്ഗ് ഓംലെറ്റും, എഗ്ഗ് കറിയൊക്കെയാണ്. പക്ഷേ ഇന്ന് തികച്ചും വ്യത്യസ്തമായ എഗ്ഗ് മലായി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനായി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
മുട്ട – 4 എണ്ണം, ഉള്ളി – 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, തേങ്ങാപ്പാൽ – 1 കപ്പ്, മല്ലി ഇല – കുറച്ച്, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഗരം മസാല പൊടി – 1/2 ടീസ്പൂൺ, ജീരകപ്പൊടി – 1/2 ടീസ്പൂൺ, വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ. ഇത്രയും ചേരുവകൾ കൊണ്ട് ടേസ്റ്റി എഗ്ഗ്മലായി ഉണ്ടാക്കാം.
ആദ്യം എഗ്ഗ് എടുത്ത് കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിൽ വെളളമെടുത്ത് അതിൽ മുട്ട ഇടുക. പിന്നെ ഗ്യാസ് ഓണാക്കി ഗ്യാസിൽ വയ്ക്കുക. പിന്നീട് അതിൽ അര ടീസ്പൂൺ എണ്ണ ഒഴിക്കുക. മുട്ട പൊട്ടിപ്പോവാതിരിക്കാനാണ് എണ്ണ ഒഴിക്കുന്നത്. 15 മിനുട്ട് കഴിഞ്ഞ് മുട്ട ഇറക്കി വയ്ക്കുക. ഇനി ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോഴേക്കും ഉള്ളിയും, പച്ചമുളകും ചേർത്ത് അരച്ചെടുക്കുക.
അതെടുത്ത് ചൂടായ എണ്ണയിൽ ചേർക്കുക. നല്ല രീതിയിൽ വഴറ്റി എടുക്കുക. ശേഷം മസാലകളായ ഒരു നുള്ള് മഞ്ഞൾ, കുരുമുളക് പൊടി, ഗരം മസാലപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. കുറച്ച് ഉപ്പു കൂടി ചേർത്ത് ഇളക്കുക. പിന്നീട് തേങ്ങാപാൽ ചേർക്കുക.
മിക്സാക്കിയ ശേഷം വേവിച്ചെടുത്ത മുട്ട തോട് പൊട്ടിച്ച് രണ്ട് കഷണങ്ങളായി മുറിച്ച് ചേർക്കുക. കുറച്ച് തിളച്ചു വരുമ്പോൾ മല്ലി ഇല മുറിച്ചത് ചേർത്ത് ഇറക്കിവയ്ക്കുക. അങ്ങനെ നമ്മുടെ എഗ്ഗ് മലായി കറി റെഡി. രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഈയൊരു കറിയുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. വെള്ളയപ്പത്തിനൊക്കെ കൂട്ടി കഴിക്കാൻ വളരെ രസമായിരിക്കും. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കു. തീർച്ചയായും ഇഷ്ടപ്പെടും.