നമുക്കൊരു സിംപിൾ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കാം. പല പച്ചക്കറികളും നാം മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ട്. എല്ലാ മെഴുക്കുപുരട്ടിയും ഒന്നിന്നൊന്ന് രുചികരമാണ് താനും. എന്നാൽ വഴുതനങ്ങ പലരും കഴിക്കാത്തതിനാൽ ഇതിൻ്റെ മെഴുക്കുപുരട്ടി ഉണ്ടാക്കുന്നവർ വളരെ കുറവാണ്. പക്ഷേ വഴുതനങ്ങ കഴിക്കാത്തവർ കൂടി ചോദിച്ചു വാങ്ങി കഴിക്കും ഇങ്ങനെ മെഴുക്കുപുരട്ടി ഉണ്ടാക്കിയാൽ. അപ്പോൾ ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വഴുതനങ്ങ – 350 ഗ്രാം, മഞ്ഞൾപൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, ഗരം മസാല – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഉപ്പ്, ചെറിയ ഉള്ളി – 15 എണ്ണം, നളിച്ചെ- 2 ടേബിൾ സ്പൂൺ, വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ, കറിവേപ്പില.
വഴുതനങ്ങ ചെറുതായി അരിഞ്ഞെടുക്കുക. ഏത് വഴുതിനിങ്ങ വേണമെങ്കിലും എടുക്കാം. പിന്നീട് വഴുതനങ്ങ കഴുകി ഒരു ബൗളിലെടുക്കുക. അതിൽ മഞ്ഞൾപ്പൊടി, മുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.
അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക. കറിവേപ്പില ചേർക്കുക. ശേഷം വെളുത്തുള്ളി ചതച്ച് ചേർക്കുക. വഴറ്റുക. കുറച്ച് വഴന്നു വരുമ്പോൾ നമ്മൾ മസാല തയ്യാറാക്കി വച്ച വഴുതനങ്ങ ചേർക്കുക. മിക്സാക്കി ഒരു 3 മിനുട്ട് മൂടി വച്ച് വഴറ്റുക.
വഴന്നു വന്ന ശേഷം ഇളക്കി കൊണ്ടിരിക്കുക. അധികം അടിഞ്ഞു പോവാതെ വഴറ്റി എടുക്കുക. ശേഷം ഇറക്കി വച്ച് സെർവ്വിംങ്ങ് പാത്രത്തിൽ മാറ്റുക. അങ്ങനെ നമ്മുടെ ടേസ്റ്റി വഴുതനങ്ങ മെഴുക്കുപുരട്ടി റെഡി. നല്ല ചൂടോടെ ചോറിൻ്റെ കൂടെയോ, ചപ്പാത്തിയുടെ കൂടെയോ കഴിച്ചു നോക്കൂ. വീണ്ടും വീണ്ടും നിങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും.