വ്യത്യസ്തമായ ഒരു മീൻകറി. ഒരു പ്രാവശ്യം ഇത് പോലെ ഒന്നു ചെയ്ത് നോക്കൂ. യമ്മി ടേസ്റ്റാണ്.


മീൻ കറി പലവിധത്തിൽ ഉണ്ടാക്കി കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. അതിനാൽ ഇന്ന് വ്യത്യസ്തമായ ഒരു മീൻ കറി ട്രൈ ചെയ്തു നോക്കാം. ഈ മീൻകറി ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മത്സ്യം അയല/മത്തി – 1/2 കി.ലോ ,മഞ്ഞൾ പൊടി – 11/4 ടീസ്പൂൺ, മല്ലിപ്പൊടി – 11/2 ടീസ്പൂൺ, കുരുമുളക് – 3 ടേബിൾ സ്പൂൺ, വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ, ഉലുവ – 1/4 ടീസ്പൂൺ, കറിവേപ്പില, ഉള്ളി – 1 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, പച്ചമുളക് – 4 എണ്ണം, തക്കാളി – 1 എണ്ണം,വാളൻപുളി.

ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിൽ കുരുമുളക് ഇട്ട് കൊടുക്കുക. നല്ല രീതിയിൽ ലോ ഫ്ലെയ്മിൽ 5 മിനുട്ട് തിളപ്പിക്കുക. പിന്നെ അതിലുള്ള കുരുമുളക് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. അത് ചതഞ്ഞ് വരുമ്പോൾ അതിൽ തിളപ്പിച്ച വെള്ളം ഒഴിക്കുക. ശേഷം ഒരു വാട്ടിയിൽ ചൂടുവെള്ളം ഒഴിച്ച് അതിൽ പുളിയിട്ട് വയ്ക്കുക. പിന്നെ അയലയെടുത്ത് വൃത്തിയായി കഴുകി എടുക്കുക. അയലയില്ലെങ്കിൽ മത്തിയും ഇങ്ങനെ വയ്ക്കാവുന്നതാണ്.

ഒരു മൺചട്ടിയെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ ഉലുവ ഇട്ട് കൊടുക്കുക. ശേഷം കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴറ്റുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. ശേഷം പച്ചമുളക് ചേർത്ത് വഴറ്റുക. പച്ചമുളകിൻ്റെ പച്ചമണമൊക്കെ മാറി വരുമ്പോൾ അതിൽ മഞ്ഞൾ പൊടിയും, മല്ലിപൊടിയും ചേർത്ത് വഴറ്റുക. ശേഷം അരച്ചു വച്ച കുരുമുളക് ചേർക്കുക. ശേഷം അരിഞ്ഞുവച്ച തക്കാളി ചേർക്കുക. വഴറ്റുക. ശേഷം പുളി പിഴിഞ്ഞ് അതിൻ്റെ വെള്ളം ചേർക്കുക. മിക്സാക്കുക. ഇനി ഒരു കപ്പ് ചൂടുവെള്ളം ചേർത്ത് തിളപ്പിക്കുക.പാകത്തിന് ഉപ്പ് ചേർക്കുക.

വൃത്തിയാക്കി തല കട്ട് ചെയ്തെടുത്ത അയല ഇട്ട് 20 മിനുട്ട് ലോ ഫ്ലെയ്മിൽ വേവിക്കുക. 20 മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കി എല്ലാം പാകത്തിനുണ്ടോ നോക്കുക. ശേഷം ഇറക്കി വയ്ക്കുക. ഇനി 1 ടീസ്പൂൺ വെളിച്ചെണ്ണയും, കറിവേപ്പില യും ചേർക്കുക. അങ്ങനെ രുചികരമായ അയല ഫിഷ് കറി റെഡി. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.