നോൺവെജിൽ വെറൈറ്റി റോസ്റ്റ്. ഈ ഫിഷ് റോസ്റ്റ് ഉണ്ടാക്കാൻ എന്തെളുപ്പം.


നാം പൊതുവെ ഉണ്ടാക്കുന്നത് ചിക്കൻ റോസ്റ്റും മുട്ട റോസ്റ്റുമൊക്കെയാണല്ലോ. എന്നാൽ ഇന്ന് നമുക്ക് വ്യത്യസ്തമായ ഒരു നോൺവെജ് റോസ്റ്റായ ഫിഷ്റോസ്റ്റ് ഉണ്ടാക്കി നോക്കാം. വളരെ എളുപ്പത്തിലും രുചികരവുമായ ഈ ഫിഷ് റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

മത്സ്യം – 500ഗ്രാം, ഉള്ളി – 2 എണ്ണം, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, ഗരംമസാല – 1/2 ടീസ്പൂൺ, കാശ്മീരി മുളക് പൊടി – 1/2 ടേബിൾ സ്പൂൺ, വെളിച്ചെണ്ണ – ആവശ്യത്തിന്, ചെറുനാരങ്ങാ നീര് – 1/2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, പെരുംജീരകം പൊടി – 1 ടീസ്പൂൺ, കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ, ഗരം മസാല – 1/2 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, തക്കാളി – 1 എണ്ണം, വെള്ളം – 1/2 കപ്പ്, കുരുമുളക് – 1/4 ടീസ്പൂൺ, കറിവേപ്പില.ഇനി നമുക്ക് തയ്യാറാക്കാം.

ആദ്യം തന്നെ നമുക്ക് ഫിഷ് വൃത്തിയായി കഴുകിയെടുക്കാം. ഇവിടെ ഞാൻ എടുത്തിരിക്കുന്നത് സ്രാവാണ്. മുള്ളില്ലാത്ത മത്സ്യങ്ങൾ നമുക്ക് റോസ്റ്റ് തയ്യാറാക്കാൻ ഉപയോഗിക്കാം. നെയ്യ്മീനൊക്കെ എടുത്ത് ഇങ്ങനെ ചെയ്താൽ നല്ല രുചിയാണ്. അപ്പോൾ നമുക്ക് സ്രാവ് റോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചെറിയ കഷണങ്ങളായി മുറിച്ച സ്രാവ് മൺചട്ടിയിൽ ഇടുക. ശേഷം അതിൽ അര ടീസ്പൂൺ മഞ്ഞൾപൊടി, 1 ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, പെരുംജീരകപ്പൊടി, ഉപ്പ്, ചെറുനാരങ്ങാനീര്, ഗരം മസാല എന്നിവ ചേർത്ത് മിക്സാക്കുക. അരമണിക്കൂർ വയ്ക്കുക.

അരമണിക്കൂർ കഴിഞ്ഞ് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സ്രാവ് ഫ്രൈ ചെയ്തെടുക്കുക. രണ്ടു ഭാഗവും ഫ്രൈ ആയ ശേഷം കോരിയെടുത്ത് മാറ്റി വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ നീളത്തിൽ അരിഞ്ഞ ഉള്ളി ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. അതിൻ്റെ പച്ചമണം മാറി വരുമ്പോൾ മഞ്ഞൾപൊടി, കാശ്മീരി മുളക് പൊടി, ഗരം മസാല പൊടി, പെരുംജീരക പൊടി, എന്നിവ ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക് ചേർക്കുക. പിന്നെ കുരുമുളക് ക്രഷ് ചെയ്തത് ചേർത്ത് വഴറ്റുക.

ശേഷം തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. കുറച്ച് ഉപ്പ് ചേർക്കുക. നല്ല രീതിയിൽ പച്ച മണം മാറി വരുന്നതുവരെ വഴന്നു വരുമ്പോൾ വെള്ളം ചേർക്കുക. ശേഷം ഫ്രൈ ചെയ്തെടുത്ത സ്രാവ് ചേർക്കുക. പിന്നീട് വഴറ്റി കൊടുക്കുക. ഇനി കറിവേപ്പില കൂടി ചേർത്ത് ഇറക്കി വയ്ക്കുക. ശേഷം സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിച്ചു നോക്കൂ. വളരെ ടേസ്റ്റാണ്.