ഇനി കടയിൽ നിന്ന് വാങ്ങേണ്ട. വീട്ടിൽ ഉണ്ടാക്കാം രുചിയുള്ള കുർകുറെ ടേസ്റ്റുള്ള ചിപ്സ്

വൈകുന്നേരങ്ങളിൽ ചായക്ക് ഒരു ചെറു കടി എന്ന രീതിയിൽ എന്തെങ്കിലും ഉണ്ടാക്കാനായി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ,എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു സ്നാക്സ് റെസിപ്പി ഇവിടെ പറയാം. കടകളിൽ നിന്നും വാങ്ങാൻ സാധിക്കുന്ന കുർകുറെയുടേത് പോലുള്ള ഒരു സ്നാക്സ് ആണ് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്.

ഈ സ്നാക്സ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്താണ് നോക്കാം. ആദ്യമായി അരിപ്പൊടി, കടലമാവ്, കോൺ ഫ്ലവർ, ബേക്കിംഗ് സോഡാ, ഉപ്പ്, വെളുത്തുള്ളി, ഗരം മസാല, മഞ്ഞൾപൊടി എന്നിവയാണ് ഇവ. ആദ്യമായി നാലര ടേബിൾ സ്പൂൺ അരിപ്പൊടി ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ കടലമാവ് ചേർക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർക്കുക. നിറത്തിനായി അല്പം മഞ്ഞൾപ്പൊടി ചേർക്കുക.

അതിനു ശേഷം അര ടേബിൾസ്പൂൺ ഗരംമസാലയും ചേർക്കുക. ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ബേക്കിങ് സോഡ ചേർക്കുക. ബേക്കിംഗ് പൌഡർ ഒരിക്കലും ചേർക്കരുത്. അതിനുശേഷം വറ്റൽമുളക് പൊടിച്ചത് ഒരു ടേബിൾ സ്പൂൺ ചേർക്കുക. ഇതിലേക്ക് രുചിക്കായി രണ്ട് വെളുത്തുള്ളിയുടെ അല്ലി എടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ ചതച്ചതിനു ശേഷം ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കണം.

വെള്ളം ചേർക്കുമ്പോൾ കുറേശ്ശെ വെള്ളം ചേർത്ത് കട്ടകൾ ആവാതെ നന്നായി ഇളക്കി എടുക്കുക. വെള്ളം ഒഴിച്ച് കഴിഞ്ഞ് ഉപ്പ് ആവശ്യത്തിന് ഇല്ലെങ്കിൽ കുറച്ചു കൂടെ ഉപ്പ് ചേർത്ത് അടുപ്പത്തേക്ക് വയ്ക്കാവുന്നതാണ്.
ഇനി ഇത് ചെറിയ തീയിൽ വെച്ച് നന്നായി ഇളക്കുക. മിശ്രിതത്തിലെ വെള്ളം വറ്റി നല്ല സോഫ്റ്റ് ആകുന്നതുവരെ നന്നായി ഇളക്കുക.

വെള്ളം എല്ലാം പൂർണമായും വറ്റിയതിനുശേഷം വേറെ പാത്രത്തിലേക്ക് മാറ്റുക.ഈ മിശ്രിതത്തിന്റെ ചൂടാറിയതിനു ശേഷം അത് നന്നായി ഉടച്ച് കുഴച്ചെടുക്കുക. ഇനി ഇത് ഓരോ ചെറിയ നീളത്തിലുള്ള കുർകുറെയുടെ രൂപത്തിൽ കൈകൾ കൊണ്ട് ഉരുട്ടിയെടുക്കുക. ഇനി അടുപ്പത്ത് വെളിച്ചെണ്ണ വയ്ക്കുക. എണ്ണ നല്ലോണം ചൂടായതിനു ശേഷം ഈ ഉരുട്ടിയെടുത്ത മാവ് കുറച്ചായി എണ്ണയിലേക്ക് ഇടുക.

എണ്ണയിലേക്ക് ഇടുമ്പോൾ വരുന്ന കുമിളകൾ എല്ലാം മാറി എണ്ണ ക്ലിയർ ആയതിനു ശേഷം മാത്രം തീ ക്രമീകരിച്ച് ഇവ കോരിയെടുക്കുക. ഇവ നന്നായി മൊരിയിച്ചെടുക്കണം. എണ്ണയിൽ നിന്നും കോരി എടുത്ത് എല്ലാം ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് കുറച്ച് മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. സ്വാദിഷ്ടമായ ചായ പലഹാരം റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →