കർക്കിടക കഞ്ഞി

കർക്കിടക മാസമല്ലേ, ഇന്നു നമുക്ക് ഔഷധക്കഞ്ഞിയായ കർക്കിടക കഞ്ഞി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം

കർക്കിടക മാസത്തിൽ പണ്ടുകാലങ്ങളിൽ ഔഷധ കഞ്ഞിയുണ്ടാക്കുന്നത് നിർബന്ധമായിരുന്നു. ഇപ്പോൾ അതൊക്കെ ഉണ്ടാക്കുന്ന വീടുകൾ വളരെ വിരളമാണ്. എന്നാൽ ഇപ്പോൾ  കൊറോണ ഒക്കെ ഉള്ളതുകൊണ്ട് തീർച്ചയായും ഇത്തരം കഞ്ഞി ഉണ്ടാക്കുന്നത് വളരെ ഗുണം ചെയ്യും. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ഞവര അരി 1 കപ്പ്, ഗോതമ്പ് നുറുക്ക്, ഉലുവ 6 ടേബിൾ സ്പൂൺ, ആശാളി- 2 ടേബിൾ സ്പൂൺ, കറുപ്പോട്ടി 1, തേങ്ങാപാൽ 1 കപ്പ്, ചെറിയ ഉള്ളി 6 എണ്ണം, ഗ്രീൻ ബേലീഫ് 1, എണ്ണ, വെള്ളം.

ആദ്യം  അരി കഴുകി കുക്കറിൽ ഇടുക. ഞവര അരിയില്ലെങ്കിൽ  നുറുക്കരിയും ഉപയോഗിക്കാം. പിന്നെ ഗോതമ്പ് നുറുക്ക് കഴുകി അതും കുക്കറിൽ ചേർക്കുക. ശേഷം ഒരു ബൗളിൽ അര മണിക്കൂർ വെള്ളത്തിൽ ഇട്ട് ഉലുവയും കുക്കറിൽ ഇടുക. അതുപോലെ ആശാളിയും അരമണിക്കൂർ വെള്ളത്തിൽ ഇട്ടത് കുക്കറിൽ ഇടുക. ശേഷം മുങ്ങാൻ മാത്രം വെള്ളം ഒഴിച്ച് മൂടി 3 വിസിൽ വരുത്തുക. പിന്നെ ഒരു പാനിൽ കറുപ്പോട്ടി പൊട്ടിച്ച് ഇടുക. ശേഷം കുറച്ച് വെളളം ഒഴിച്ച് ഗ്യാസിൽ വച്ച് ഉരുക്കുക. അതുപോലെ ഒരു മുറി തേങ്ങ ചിരവിയത് കുറച്ച് വെള്ളം ഒഴിച്ച് മിക്സിയിലിട്ട് ഒന്നു കറക്കി അതിൻ്റെ പാൽ എടുക്കുക.

അത് ഒരു ബൗളിൽ ഒഴിച്ചു വയ്ക്കുക. ശേഷം  പാകമായ അരി തുറന്നു നോക്കുക. അരി പാകമായതിൽ കറുപ്പോട്ടി ഉരുക്കിയ വെള്ളം ഒഴിച്ച് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. ഇളക്കുക.തിളച്ചു വരുമ്പോൾ അതിൽ തേങ്ങാപാൽ ഒഴിക്കുക.  (ഇതിൻ്റെ കൂടെ കിട്ടുമെങ്കിൽ തുളസി, പ്ലാവിലയുടെ തണ്ട്, കുറുന്തോട്ടി, മുക്കുറ്റി, പനിക്കൂർക്ക കഴുകി വൃത്തിയാക്കി മിക്സിയിലിട്ട് അരച്ചത് ഈ തിളച്ചു വരുമ്പോൾ ഒഴിക്കാം.ഇത് ഒഴിക്കുന്നത് കുറച്ചു കൂടി ഗുണം ചെയ്യും.) തേങ്ങാപാൽ തിളച്ചു കുറച്ചു കഴിഞ്ഞാൽ ഇറക്കി വയ്ക്കുക.

ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക അതിൽ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കഷണങ്ങളായി അരിഞ്ഞ ചെറിയ ഉള്ളി ചേർക്കുക. അത് വാടിയ ശേഷം കഞ്ഞിയിൽ ഒഴിക്കുക. ശേഷം മിക്സാക്കുക. അധികം കട്ടയാവരുത് കഞ്ഞി. ഇത്തരത്തിൽ ഒരു കഞ്ഞി തയ്യാറാക്കി നോക്കൂ. നമ്മുടെ ശരീരത്തിന് വളരെ ഗുണപ്രധമായ ഔഷധ കഞ്ഞിയാണിത്.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →