എല്ലാവർക്കും ഇഷ്ടമുള്ള കോഴി നിറച്ചു പൊരിച്ചത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കോഴി കഴുകി വൃത്തിയാക്കിയത് – 1 , കോഴി മുട്ട – മൂന്ന് എണ്ണം, സവാള – നാല് എണ്ണം, പച്ച മുളക് – രണ്ട് എണ്ണം, കറിവേപ്പില – രണ്ട് തണ്ട്, എണ്ണ – ആവശ്യത്തിന്, മുളക് പൊടി – ഒരു ടീ സ്പൂൺ, മഞ്ഞൾ പൊടി – ഒരു ടീ സ്പൂൺ, വെളുത്തുള്ളിയുടെ നീര് – നാല് അല്ലിയുടേത്, ഇഞ്ചി നീര് – ഒരു കഷണത്തിന്റേത്, ചെറു നാരങ്ങയുടെ നീര് – പകുതി ചെറു നാരങ്ങയുടേത്, ഉപ്പ് – പാകത്തിന്, അരി പൊടി – ഒരു ടേബിൾ സ്പൂൺ, അണ്ടി പരിപ്പ് – ഒരു ടേബിൾ സ്പൂൺ, കിസ്മിസ് – ഒരു ടേബിൾ സ്പൂൺ.
കോഴി നല്ല പോലെ കഴുകി വൃത്തിയാക്കി അടിഭാഗം കീറി വയ്ക്കുക. രണ്ട് കോഴി മുട്ട പുഴുങ്ങി തൊണ്ട് പൊളിച്ച് കോഴിയുടെ ഉൾഭാഗത്ത് ഇറക്കി വയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഒരു സവാള, രണ്ട് പച്ച മുളക്, രണ്ട് തണ്ട് കറിവേപ്പില എന്നീ ചേരുവകൾ വഴറ്റി എടുക്കുക. വഴറ്റിയ ചേരുവകൾ കോഴിയുടെ ഉൾഭാഗത്ത് ഉള്ളിലേക്ക് വയ്ക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, വെളുത്തുള്ളി നീര്, ഇഞ്ചി നീര്, ചെറു നാരങ്ങ നീര്, ഉപ്പ് എന്നീ ചേരുവകൾ ഒന്നിച്ചാക്കി കുഴമ്പ് പരുവത്തിൽ ആക്കുക.
ഈ കൂട്ടിലേയ്ക്ക് അരി പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേർത്ത് ഇളക്കി കോഴിയുടെ പുറത്ത് നല്ല പോലെ പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക. വെളിച്ചെണ്ണ നല്ല പോലെ ചൂടാക്കി കോഴി അതിൽ ഇട്ട് ചുവപ്പ് നിറം ആകുന്നത് വരെ പൊരിക്കുക. പിന്നീട് അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. കനം കുറഞ്ഞ് അരിഞ്ഞ സവാള നെയ്യിൽ മഞ്ഞ നിറം ആകുന്നത് വരെ മൂപ്പിച്ച് എടുക്കുക. സവാളയും നെയ്യിൽ വറുത്ത് എടുത്ത അണ്ടി പരിപ്പും കിസ്മിസും പൊരിച്ച കോഴിയുടെ മേലെ വിതറി ഇടുക. കൂടെ കറിവേപ്പിലയും മല്ലിച്ചപ്പും അരിഞ്ഞു ഇടുക. ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കണേ..