റസ്റ്റോറൻ്റ് സ്റ്റൈൽ മട്ടർ പനീർ ഇനി വീട്ടിലുണ്ടാക്കാം. വളരെ ഈസിയായി.


മട്ടർ പനീറൊക്കെ നാം കൂടുതലായും കഴിച്ചിരുന്നത് റസ്റ്റോൻ്റിൽ നിന്നായിരിക്കും. എന്നാൽ നമുക്ക് വീട്ടിൽ പനീറും മട്ടറും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ഉള്ളി – 2 എണ്ണം, തക്കാളി – 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 2 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, ഉപ്പ് – ആവശ്യത്തിന്, പനീർ- 250ഗ്രാം, മട്ടർ – 100 ഗ്രാം, മല്ലി ഇല – കുറച്ച്, ജീരകം – 1 ടീസ്പൂൺ, എണ്ണ – ആവശ്യത്തിന്, മുളക് പൊടി – 11/2 ടീസ്പൂൺ, മല്ലിപ്പൊടി – 2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, .ഇനി ഈ സ്പെഷൽ മട്ടർ പനീർ തയ്യാറാക്കി നോക്കാം.

ഇതിനായി ആദ്യം പനീർ മുറിച്ചെടുക്കുക. പിന്നെ മട്ടർ ഒരു ബൗളിലിട്ട് വൃത്തിയായി കഴുകി എടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം അതിൽ കുറച്ച് എണ്ണ ഒഴിക്കുക. അതിൽ പനീർ ഒന്ന് വഴറ്റിയെടുക്കുക. അതേ പാനിൽ തന്നെ കുറച്ച് കൂടി എണ്ണ ഒഴിച്ച് അതിൽ ഉള്ളി അരിഞ്ഞ് ചേർക്കുക. നല്ല രീതിയിൽ വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. പിന്നെ പച്ചമുളക് ചേർത്ത് കൊടുക്കുക. ഇനി തക്കാളി കൂടി അരിഞ്ഞ് വഴറ്റിയെടുക്കുക. നല്ല രീതിയിൽ വഴന്നു വരുമ്പോൾ അത് ഇറക്കി വയ്ക്കുക.

ശേഷം മറ്റൊരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോഴേക്കും നമ്മൾ ഫ്രൈ ചെയ്തെടുത്ത ഉള്ളി, തക്കാളി അരച്ചെടുക്കുക. 2 ടേബിൾ സ്പൂൺ എണ്ണയിലേക്ക് ജീരകം ഇടുക. ശേഷം മുളക്പൊടിയിട്ട് ഒന്ന് വഴറ്റി അപ്പോൾ തന്നെ അരച്ചു വച്ച പെയ്സ്റ്റ് ചേർക്കുക. മിക്സാക്കുക. നല്ല രീതിയിൽ വഴറ്റി എടുക്കുക. കുറച്ച് ഉപ്പ് കൂടി ചേർക്കുക. ശേഷം വഴന്നു വരുമ്പോൾ അതിൽ മഞ്ഞൾ പൊടിയും, മല്ലിപ്പൊടിയും ചേർത്ത് വഴറ്റുക. പിന്നെ മട്ടർ ചേർക്കുക. മൂടിവച്ച് മട്ടർ വേവിക്കുക. മട്ടർ പാകമായ ശേഷം അതിൽ പനീർ ചേർത്ത് മിക്സാക്കുക.

മൂടിവച്ച് ഒരു 5 മിനുട്ട് ലോഫ്ലെയ്മിൽ വേവിക്കുക. പിന്നെ തുറന്നു നോക്കി ഗരംമസാല ചേർത്ത് മിക്സാക്കുക. ഉപ്പ് വേണമെങ്കിൽ ചേർത്ത് കൊടുത്ത് രണ്ട് മിനുട്ട് മൂടിവയ്ക്കുക. ശേഷം തുറന്ന് നോക്കി മല്ലി ഇല അരിഞ്ഞത് ചേർത്ത് ഇറക്കിവയ്ക്കുക. സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി ചപ്പാത്തിയുടെയോ, പൂരിയുടെയോ, നാണിൻ്റെയോ കൂടെ കഴിച്ചു നോക്കു. സൂപ്പർ രുചിയാണ്. ഇതു പോലെ മട്ടർ പനീർ വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കു.