മത്തി പീര കറി ഉണ്ടാക്കാം.. ചോറിന്റെ കൂടെയും കപ്പയുടെ കൂടെയും സൂപ്പറാണ് കഴിക്കാൻ

മത്തി പീര കറി എന്നാണ് പേര് എങ്കിലും, ഇത് ഒഴിച്ച് കൂട്ടുന്ന കറിയല്ല. എന്നാൽ കറി യായി കണക്കിൽ കൂട്ടുകയും ചെയ്യാം.. മത്തി പീര കറി ഉണ്ടാക്കാം.. നല്ല സ്വാദ് ആണുട്ടോ.. ചോറിന്റെ കൂടെയും കപ്പയുടെ കൂടെയും സൂപ്പറാണ് കഴിക്കാൻ.. ഇനി നോക്കാം എങ്ങനെ മത്തി പീര കറി ഉണ്ടാക്കാം എന്ന്..

ചേരുവകൾ: ചെറിയ മത്തി: 10 – 12 എണ്ണം, ചെറിയ ഉള്ളി : ഒരു പിടി, പച്ചമുളക്: 4 എണ്ണം, ഇഞ്ചി: 1 കഷണം, കറിവേപ്പില: ചെറുത്, കുടംപുളി : 3 – 4 കഷണങ്ങൾ, മുളക് പൊടി: 1 ½ ടീസ്പൂൺ, മഞ്ഞൾ: 1 ടീസ്പൂൺ, നന്നായി ചതച്ച തേങ്ങ : 1 കപ്പ്, കൊക്കോനട്ട് ഓയിൽ: 1 ടീസ്പൂൺ.

മത്തി നന്നായി വൃത്തിയാക്കി പകുതിയായി മുറിക്കുക എന്നിട്ട് മുറിച്ച കഷ്ണങ്ങൾ ഒരു പാത്രത്തിലേക്ക് മാറ്റുക. മത്സ്യകഷ്ണങ്ങൾ, നന്നായി ചതച്ച തേങ്ങ, , പച്ചമുളക്, അരിഞ്ഞ ഇഞ്ചി, കറിവേപ്പില, മഞ്ഞൾ, മുളകുപൊടി, ഉപ്പ്, പുളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. പകുതി ഗ്ലാസ് വെള്ളവും 1 ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക കുറച്ച് സമയം മീൻ ഈ മസാലയിലെങ്ങനെ കിടക്കട്ടെ കുറച്ച് കഴിഞ്ഞു ഇത് വേവിക്കുക, തിളച്ചുകഴിഞ്ഞാൽ 10 – 15 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. ഇതിനിടയിൽ മീൻ ഇടക്ക് ഇളക്കി കൊടുക്കണം.

കുറച്ചുകഴിഞ്ഞാൽ വെള്ളം പതുക്കെ വരണ്ടുപോകുകയും സെമി ഉണങ്ങുമ്പോൾ ചൂട് ഓഫ് ചെയ്യുകയും ചെയ്യുക. ഇങ്ങനെ തീ ഓഫ്‌ ചെയുമ്പോൾ തന്നെ നല്ല മണം വരും. നമ്മൾ ചേർത്തുകൊടുത്ത കുടംപുളി മീനിൽ നന്നായി പിടിച്ചിട്ടുണ്ടാവും ആ മണവും രുചിയും പാത്രം തുറന്നു വെച്ചു ചുമ്മാ കളയാതെ പാത്രം മൂടിവെച്ചു നമ്മുടെ വായിൽ വന്ന കൊതി അടക്കി പിടിക്കുന്ന പോലെ ആ രുചിയേയും അടക്കി വെക്കുക . അങ്ങനെ അടക്കിപ്പിടിച്ച രുചിയും മീൻ കൊതിയും അടുക്കളയുടെ പുറത്തു കാത്തിരിക്കുന്ന പൂച്ചയും എവിടോന്നൊക്കെയോ വന്ന കുറേ കാക്കകളും കാത്തിരുന്ന മത്തി പീര കറി തയ്യാറായി. ഒരു സെർവിംഗ് പ്ലേറ്റിലേക്ക് മാറ്റി ചൂടുള്ള ചോറിനൊപ്പം ആസ്വദിക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →