പരിപ്പും മുരിങ്ങയിലയും കൊണ്ട് ഒരു അടിപൊളി ഒഴിച്ച് കറി ഉണ്ടാക്കിയാലോ..

പരിപ്പും മുരിങ്ങയിലയും – ഇന്നത്തെ നമ്മുടെ സ്‌പെഷ്യൽ എന്നു പറയുന്നത് ഒരു നാടൻ ഒഴിച്ചു കറി ആണ്. പണ്ടൊക്കെ നമ്മുടെ വീട്ടിലെ അമ്മമാർ കറി വയ്ക്കാൻ ഒന്നും ഇരുപ്പില്ലെങ്കിൽ അടുക്കള വശത്തൂടെ നമ്മുടെ വീടിന്റെ തൊടിയിലേക്കൊന്നിറങ്ങും. അത് അവരുടെ ലോകമാണ്.

മുരിങ്ങയില ചീരയില പയറില മത്തൻ ഇല പച്ചമുളക് കാച്ചിൽ ചേന ചെമ്പു തുടങ്ങി ഒരു സദ്യകുള്ളതെല്ലാം ഉണ്ടാകും അവിടെ. അങ്ങനെയുള്ള അടുക്കള തോട്ടങ്ങൾ ഇന്നിപ്പോ വീടുകളിൽ വിരളമാണ് അല്ലെ. ഇപ്പോഴും അത് ഉള്ളവർ ഭാഗ്യവാന്മാർ.. അവർ അത് ആസ്വദിക്കട്ടെ. അത്രയേ പറയാനുള്ളു. അങ്ങനെ ഓടിപ്പോയി പറിച്ചു ഉണ്ടാക്കുന്ന തട്ടിക്കൂട്ട് കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്. ഓർക്കുമ്പോൾ ഇന്നും വായിൽ വെള്ളം വരുന്ന അത്തരത്തിലുള്ള ഒരു നാടൻ കറി ആണ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. മുരിങ്ങയിലയും പരിപ്പും തേങ്ങയും എല്ലാം ചേർത്ത ഒരു നാടൻ കറി അല്ലെങ്കിൽ കൂട്ടാൻ. 

ഇതിനായി ആവശ്യമുള്ള സാധനങ്ങൾ നോക്കാം. നല്ല തളിർ മുരിങ്ങയില- നമ്മുടെ ലഭ്യതയ്ക്കാനുസരിച് എടുക്കുക, പരിപ്പു- ഒരു പിടി, തേങ്ങാ- അര മുറി(വലിയ തേങ്ങാ ആണേൽ അര മുറി മുഴുവൻ വേണ്ടി വരില്ല), പച്ചമുളക് -2 എണ്ണം, മുളക്പൊടി-1 ടീസ്പൂൺ, മഞ്ഞൾപ്പൊടി-അര ടീസ്പൂൺ, ചുവന്നുള്ളി-2 അല്ലി, വെളുത്തുള്ളി-5 അല്ലി, ചെറിയ ജീരകം-അര ടീസ്പൂൺ, ഉപ്പ്‌- ആവശ്യത്തിനു, വെളിച്ചെണ്ണ- ആവശ്യത്തിന്.

ആദ്യം പരിപ്പു കഴുകി എടുത്ത് അതിലേക് മഞ്ഞൾപ്പൊടിയും മുളക്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്ത പരിപ്പിൽ എടുത്തുവെച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് നന്നായൊന്നു ഇളക്കി കൊടുക്കുക. ശേഷം വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. മുരിങ്ങയില നന്നായൊന്നു വാടി വരുമ്പോൾ തേങ്ങയും ജീരകവും ചെറിയ ഉള്ളിയും കൂടെ വെണ്ണ പോലെ അരച്ച പേസ്റ്റ് ഇതിലേക് ചേർത്ത് കൊടുക്കുക. പച്ചമുളക് നെടുകെ കീറിയിടുക.തേങ്ങാ ഒന്നു നന്നായി തിളക്കുമ്പോൾ കറി ഓഫ് ചെയ്ത് താളിക്കാം. ഇതിനായി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.

തൃശൂർ ഭാഗത്ത് ചെറിയ ഉള്ളികൂടെ ചേർത്താണ് ഇത് താളിക്കുന്നത്. രണ്ടു ചുവന്ന മുളക് കൂടി പൊട്ടിച്ചു ചേർക്കാം. ശേഷം ഇത് മൂടി വെച്ച കറി യിലേക് ചേർത്ത് കൊടുക്കുക. ഒരു തവി കറി എടുത്ത് ചീന ചട്ടിയിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ചതിനു ശേഷം കറി യിലേക് ഒഴിച്ചുകൊടുക്കാം. അങ്ങനെ നമ്മുടെ സ്വന്തം മുരിങ്ങയില പരിപ്പു ഒഴിച്ചുകറി തയ്യാറായി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →