പല തരം കുറുമകൾ തയ്യാറാക്കാറുണ്ടെങ്കിലും ഈ മഷ്റൂം കുറുമ തയ്യാറാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ നമുക്ക് ഉണ്ടാക്കി നോക്കാം.


ചിക്കൻ, മട്ടൻ തുടങ്ങി നിരവധി കുറുമകളും അതുപോലെ വെജിറ്റബിൾ കുറുമയും നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് വെജിറ്റബിൾ കുറുമയിൽ വ്യത്യസ്തമായ ഒരു കുറുമതയ്യാറാക്കാം. ഈ കുറുമ തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മഷ്റൂം (കൂൺ) – 250ഗ്രാം, ഉള്ളി- 2 എണ്ണം, ഇഞ്ചിവെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, പച്ചമുളക്- 3 എണ്ണം, തക്കാളി- 1 എണ്ണം, കറിവേപ്പില, മല്ലി ഇല, എണ്ണ – 2 ടേബിൾ സ്പൂൺ, തേങ്ങ – 1 കപ്പ്, അണ്ടിപരിപ്പ്- 6 എണ്ണം, പട്ട- 1 എണ്ണം, ഗ്രാമ്പൂ- 2 എണ്ണം, ഏലക്കായ – 1 എണ്ണം, ബേലീവ്സ്- 2 എണ്ണം, മഞ്ഞൾപൊടി- ഒരു നുള്ള്, ഗരംമസാല-1/2 ടീസ്പൂൺ, കുരുമുളക് പൊടി- 1/2 ടീസ്പൂൺ, പെരുംജീരകപ്പൊടി- 1/4 ടീസ്പൂൺ. ഇനി നമുക്ക് ഈ കുറുമ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആദ്യം മഷ്റൂം വൃത്തിയാക്കി കഴുകി 2 കഷണമാക്കി മുറിച്ചു വയ്ക്കുക. പിന്നീട് ഉള്ളി, തക്കാളിയൊക്കെ അരിഞ്ഞു വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓൺ ചെയ്ത് ചൂടായി വരുമ്പോൾ അതിൽ എണ്ണ ഒഴിക്കുക. എണ്ണയിൽ പട്ട, ഗ്രാമ്പൂ, ബേലീവ്സ്, ഏലക്കായ എന്നിവ ചേർക്കുക.

പിന്നീട് ചെറുതായി അരിഞ്ഞ ഉളളി ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. പിന്നെ പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ശേഷം തക്കാളി ചേർക്കുക. മഞ്ഞൾ പൊടിയും,ഗരംമസാലയും, കുരുമുളക്പൊടിയും, പെരുംജീരകവും ചേർക്കുക. ശേഷം കഴുകി വച്ച മഷ്റൂം ചേർത്ത് പാകത്തിന് ഉപ്പ് ചേർത്ത് മൂടിവയ്ക്കുക. അപ്പോഴേക്കും ചിരവിയെടുത്ത തേങ്ങയെടുത്ത് മിക്സിയുടെ ജാറിലിട്ട് അതിൽ അണ്ടിപരിപ്പും ചേർത്ത് വെള്ളം ഒഴിച്ച് നല്ല പെയ്സ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മഷ്റൂം ഇളക്കി കൊടുക്കുക.

മഷ്റൂം പാകമായ ശേഷം അതിൽ അരച്ചെടുത്ത തേങ്ങ ഒഴിക്കുക. പിന്നീട് മിക്സാക്കി ഒന്നു തിളച്ചു വരുമ്പോൾ ഇറക്കി വയ്ക്കുക. അരിഞ്ഞുവച്ച മല്ലി ഇലകൂടി ചേർത്ത് മിക്സാക്കുക. ശേഷം സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. അപ്പത്തിൻ്റെ കൂടെയൊക്കെ കഴിക്കാൻ വമ്പൻ രുചിയാണ്. ഒരു പ്രാവശ്യമെങ്കിലും ഈ കുറുമ ഒന്നു തയ്യാറാക്കി നോക്കു.