ഇന്ന് ഇവിടെ പറയുന്നത് മുട്ട കൊണ്ട് വ്യത്യസ്തമായി ഒരു തോരൻ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. എങ്ങനെയാണ് സ്വാദിഷ്ഠമായ മുട്ട തോരൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം. സാധാരണ നമ്മളെല്ലാവരും മുട്ട തോരൻ ഉണ്ടാക്കുന്നത് മുട്ട പൊട്ടിച്ചൊഴിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി പുഴുങ്ങിയ മുട്ട വെച്ചാണ് ഈ തോരൻ ഉണ്ടാക്കുന്നത്.
അതിന് ആദ്യമായി പുഴുങ്ങിയ നാല് മുട്ടകൾ എടുക്കുക . ചൂടാറിയതിനു ശേഷം മുട്ട തോൽ പൊളിച്ചു കളഞ്ഞ് ചെറിയ ചെറിയ കഷ്ണങ്ങളായി മുട്ട മുറിച്ചെടുക്കുക. മുറിക്കുമ്പോൾ മഞ്ഞക്കരു അധികം പൊട്ടിപ്പോകാതെ ശ്രദ്ധിക്കണം. അതിനുശേഷം സ്‌റ്റോവിലേക്ക് ഒരു പാൻ വയ്ക്കുക. അതിലേക്ക് വെളിച്ചെണ്ണയോ വെജിറ്റബിൾ ഓയിൽ ഒഴിച്ചു കൊടുക്കാം. ഒരു രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഇതിലേക്ക് ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ 10 ചെറിയ ഉള്ളി അരിഞ്ഞതും, അതും കറിവേപ്പിലയും കൂടി എണ്ണയിലേക്ക് ഇടുക. ചെറിയ ഉള്ളിയ്ക്ക് പകരം വലിയ ഉള്ളിയും ഉപയോഗിക്കാം.
അതിനുശേഷം കുറച്ച് ഉപ്പ് ചേർത്ത് ഒന്നു വഴറ്റിയെടുക്കുക. അതിലേക്ക് ചതച്ച മുളക് മൂന്ന് ടീസ്പൂൺ ചേർക്കുക. അല്ലെങ്കിൽ മുളകുപൊടി രണ്ട് ടീസ്പൂൺ മതിയാകും. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക. ഏകദേശം അഞ്ച് മിനിറ്റ് എങ്കിലും ഇളക്കിയെടുക്കുക. അതിനു ശേഷം ചിരകിയ തേങ്ങ ഒരു മൂന്ന് ടീസ്പൂൺ ഇതിലേക്ക് ഇടുക. ശേഷം നന്നായി ഇളക്കി എടുക്കുക. ഒരു മൂന്നു മിനിറ്റ് എങ്കിലും തുടർന്ന് ഇളക്കിയെടുക്കുക.
അതിനുശേഷം പാനിലേക്ക് മുറിച്ചു വച്ച മുട്ട ചേർത്ത് കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക. ഇടയ്ക്കിടെ ഒന്ന് ഉപ്പ് നോക്കുക. ഉപ്പു കുറവാണെങ്കിൽ വീണ്ടും ചേർക്കുക. അതിനുശേഷം അല്പം വെളിച്ചെണ്ണ മുകളിൽ തൂകി കൊടുക്കുക. അതിനുശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക. ഒരു വ്യത്യസ്തമായ മുട്ടത്തോരൻ തയ്യാറായിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമാകും തീർച്ച. ചൂടോടെ കഴിയ്ക്കാൻ മറക്കല്ലേ..