ഭക്ഷണം ഉണ്ടാക്കാൻ മടിയുള്ള തലമുറയാണ് ഇന്നുള്ളതും ഇനി വരാൻ പോകുന്നതും. പുറത്തുള്ളത് കഴിച്ച് സുഖമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ. അപ്പോഴാണ് കൊറോണ വന്നത്. പുറത്തു നിന്നും കഴിച്ചുകൂട, മത്സ്യം കിട്ടാനുമില്ല. കുട്ടികൾക്കൊന്നും ഭക്ഷണം കഴിക്കാൻ മടിയായി. അങ്ങനെ വരുമ്പോൾ നമുക്ക് ടേസ്റ്റിയായ വേറെ വേറെ ഭക്ഷണം ഉണ്ടാക്കി കൊടുക്കാം. അതു കൊണ്ട് ചോറിൻ്റെ കൂടെ പനീർ ബുർജി ഉണ്ടാക്കി കൊടുക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരാം.
പനീർ- 200 ഗ്രാം, ഉള്ളി- 2 എണ്ണം, തക്കാളി- 1 എണ്ണം, ഇഞ്ചി, വെളുത്തുള്ള – 1 ടീസ്പൂൺ, കാപ്സികം- പകുതി, ജീരകം- 1/3 ടീസ്പൂൺ, മഞ്ഞൾ പൊടി- 1/3 ടീസ്പൂൺ, മുളക് പൊടി- 1/2 ടീസ്പൂൺ, ജീരകപ്പൊടി- 1/3 ടീസ്പൂൺ, മല്ലിപ്പൊടി- 1/3 ടീസ്പൂൺ, ഖരം മസാലപ്പൊടി – 1/3 ടീസ്പൂൺ, മല്ലി ചപ്പ് – കുറച്ച്.
തുടങ്ങിയ ചേരുവകൾ ഒക്കെ ചേർന്ന് നമുക്ക് നല്ല രുചികരമായ ബുർജി ഉണ്ടാക്കി തുടങ്ങാം. ആദ്യം തവ യെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം അതിലേക്ക് ജീരകം ഇടുക. പിന്നീട് ചെറിയ കഷണങ്ങളായി അരിഞ്ഞുവച്ച ഉള്ളി ഇടുക. അത് നല്ല വണ്ണം വഴറ്റുക. കുറച്ച് കളർ മാറിയാൽ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റിടുക. അതിൻ്റെ മണം മാറുന്നതു വരെ വഴറ്റുക. പിന്നെ മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർക്കുക. ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞു വച്ച തക്കാളിയിടുക. തക്കാളി നല്ലവണ്ണം വഴറ്റി അതിൻ്റെ പച്ചമണം മാറുന്നതു വരെ വഴറ്റുക. പിന്നീട് അതിലേക്ക് ജീരകപ്പൊടിയും മല്ലിപ്പൊടിയും ചേർക്കുക. അതിനു ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞു വച്ച കാപ്സിക്കം ചേർക്കുക. കാപ്സിക്കം അധികം പാകമാവേണ്ട ആവശ്യമില്ല.
പിന്നീട് അതിലേക്ക് നമ്മൾ ക്രഷ് ചെയ്ത പനീർ ചേർക്കുക. കുറച്ച് ഇളക്കി കൊടുക്കുക. പിന്നീട് ഖരം മസാല ഇടുക. ഖരം മസാല അവസാനം ഇട്ടു കൊടുത്താൽ രുചി കൂടും. ശേഷം മല്ലി ചപ്പിട്ട് ഇളക്കി കൊടുക്കുക. വേഗത്തിൽ തന്നെ ഇറക്കി വയ്ക്കുക. എന്തൊരു രുചിയാണെന്നോ ഈ ബുർജി.എല്ലാവർക്കും ഇഷ്ടപ്പെടും.