വളരെ ടേസ്റ്റി പരിപ്പ് കറിയാണിത്. ഇതുണ്ടാക്കാൻ അധികം സമയം ആവശ്യമില്ല. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. തുവര പരിപ്പ് – 1 കപ്പ്, പച്ചമുളക് – 1, ഉള്ളി – 1, തക്കാളി – 1, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, മല്ലി ചപ്പ്, പശുവിൻ നെയ്യ് – 2 ടീസ്പൂൺ, കായം – 1/4 ടീസ്പൂൺ, വെളുത്തുള്ളി – 8 എണ്ണം, കായ് മുളക് – 2, എണ്ണ – 4 ടീസ്പൂൺ, ജീരകം – 1 ടീസ്പൂൺ, ഗ്രാമ്പൂ – 2 എണ്ണം, പട്ട, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1/2 ടീസ്പൂൺ, ഖരം മസാല – 1/3 ടീസ്പൂൺ ,ഉപ്പ്, വെള്ളം.
ആദ്യം പരിപ്പ് വൃത്തിയായി കഴുകിയെടുത്ത് കുക്കറിൽ ഇടുക. ഒരു 3 മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ട് വയ്ക്കുക്കുക. പിന്നെ കുക്കറെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് അതിൽ മുങ്ങാൻ പാകത്തിന് വെള്ളംചേർത്ത് മഞ്ഞളും ഉപ്പും ചേർത്ത് കുക്കർ മൂടി വയ്ക്കുക. പിന്നീട് ഒരു 6 വിസിൽ വന്നതിനു ശേഷം കുക്കർ ഇറക്കി വയ്ക്കുക. പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് എണ്ണ ഒഴിക്കുക.അതിൽ പട്ട, ഗ്രാമ്പൂ ,ജീരകം ചേർക്കുക.
പിന്നെ ചെറുതായി അരിഞ്ഞ ഉളളി ചേർക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ചേർക്കുക. പിന്നീട് മസാലകളായ മഞ്ഞൾ പൊടി ,മുളക് പൊടി, മല്ലിപൊടി ചേർക്കുക. ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ തക്കാളി ചേർക്കുക. തക്കാളി പാകമായ ശേഷം മല്ലി ചപ്പ് ചേർക്കുക. ശേഷം അതിൽ വേവിച്ചെടുത്ത പരിപ്പ് സ്പൂണുകൊണ്ട് നല്ലവണ്ണം അടിച്ച് ഈ മസാലയിൽ ഒഴിക്കുക. മിക്സാക്കുക. മൂടിവച്ച് തിളച്ച ശേഷം ഇറക്കി വയ്ക്കുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ പശുവിൻ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായ ശേഷം കായം ചേർക്കുക. പിന്നെ കായ് മുളക് ചേർക്കുക. ശേഷം വെളുത്തുള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർക്കുക. വഴറ്റുക. ശേഷം അതിൽ 1/4 ടീസ്പൂൺ മുളക് പൊടി ചേർത്ത് ഇളക്കി പരിപ്പിൽ ചേർക്കുക. രുചികരമായ പരിപ്പ് കറി റെഡി .ജീരാ റൈസിൻ്റെയും, ചപ്പാത്തിക്കായാലും സൂപ്പർ രുചിയാണിതിന്.