നോൺവെജ് റോസ്റ്റ് ആണ് നാം കൂടുതൽ ഉണ്ടാക്കി കഴിക്കുന്നത്. എന്നാൽ വെജിറ്റേറിയൻസിന് രുചികരമായി കഴിക്കാൻ ഇന്നൊരു സ്പെഷൽ റോസ്റ്റ് തയ്യാറാക്കി നോക്കാം. പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു റോസ്റ്റാണിത്. അപ്പോൾ ഈയൊരു ടേസ്റ്റിറോസ്റ്റുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് – 4 എണ്ണം, ഉള്ളി – 1 എണ്ണം, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, കടുക് – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളകുപൊടി – 1 ടീസ്പൂൺ, മല്ലിപൊടി – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഗരം മസാല – 1 ടീസ്പൂൺ, ഉപ്പ് – പാകത്തിന്, കറിവേപ്പില. ടേസ്റ്റിറോസ്റ്റ് തയ്യാറാക്കാം.
ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് കഴുകി തോൽക്കളഞ്ഞ് കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. കടായ് ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ചേർക്കുക. കറിവേപ്പില കൂടി ചേർത്ത് അതിൽ നീളത്തിൽ അരിഞ്ഞ ഉള്ളി ചേർക്കുക.
ഉപ്പ് ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ അതിൽ മഞ്ഞൾ പൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും ചേർത്ത് വഴറ്റുക. ഇനി 4 ഉരുളക്കിഴങ്ങ് അരിഞ്ഞുവച്ചത് ചേർത്ത് വഴറ്റുക. 5 മിനുട്ട് മൂടിവയ്ക്കുക. ശേഷം തുറന്നു നോക്കി ഇളക്കി കൊടുക്കുക. പിന്നീട് ഒന്നുകൂടി മൂടിവയ്ക്കുക. ശേഷം ഉരുളക്കിഴങ്ങ് കുറച്ച് പാകമായ ശേഷം അതിൽ കുരുമുളകിട്ട് വഴറ്റുക. മൂടിവച്ച് ഇടയ്ക്ക് ഇളക്കി കൊടുത്ത് വേവിക്കുക. ശേഷം അതിൽ പാകത്തിന് ഉപ്പും ഗരംമസാലയും ചേർത്ത് ഇളക്കുക.
ഉരുളക്കിഴങ്ങ് പാകമായ ശേഷം ഇറക്കി വയ്ക്കുക. ശേഷം സെർവ്വിംങ്ങ് പാത്രത്തിലേക്ക് ഉരുളക്കിഴങ്ങ് റോസ്റ്റ് മാറ്റി വയ്ക്കുക. വളരെ ടേസ്റ്റിയായ നമ്മുടെ ഉരുളക്കിഴങ്ങ് റോസ്റ്റ് റെഡി. ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കു.