പൂരി കുട്ടികൾക്ക് ഒരു പാട് ഇഷ്ടമുള്ള ഭക്ഷണമാണ്. നാം എപ്പോഴും ഉണ്ടാക്കുന്ന പ്ലെയ്ൻ പൂരിയിൽ നിന്ന് വ്യത്യസ്തമായി ഉരുളക്കിഴങ്ങ് കൊണ്ട് സൂപ്പർ പൂരി. അതിന് വേണ്ടി അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട പക്ഷേ രുചിയുടെ കാര്യത്തിൽ ഇവൻ വമ്പനാണ് കേട്ടോ. ഇതുണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം.
ഗോതമ്പ് പൊടി – 2 കപ്പ് , ഉരുളക്കിഴങ്ങ് – 2 ,മല്ലി ചപ്പ് – 2 ടേബിൾ സ്പൂൺ ,ഉപ്പ് – അര ടീസ്പൂൺ ,മല്ലിപ്പൊടി – 1 ടീസ്പൂൺ, മുളക് പൊടി – കാൽ ടീസ്പൂൺ, മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ, അയമോദകം – കാൽ ടീസ്പൂൺ, എണ്ണ, വെള്ളം, മല്ലി ചപ്പ്.
അപ്പോൾ നമുക്ക് തയ്യാറാക്കാം. ആദ്യം ഉരുളക്കിഴങ്ങ് നല്ലവണ്ണം കഴുകി കുക്കറിൽ ഇട്ട് വേവിക്കുക. പിന്നെ ഉരുളക്കിഴങ്ങ് പാകമായ ശേഷം അതിൻ്റെ തോൽകളഞ്ഞ് ഉടച്ചെടുക്കുക. ശേഷം ഒരു ബൗളിൽ ഗോതമ്പ് പൊടി എടുക്കുക.അതിൽ ഉപ്പ് ചേർക്കുക. പിന്നെ ഉടച്ച് വച്ച ഉരുളക്കിഴങ്ങ് ചേർക്കുക. ശേഷം മസാലകൾ ചേർക്കുക. മല്ലിപ്പൊടി, മഞ്ഞൾ പൊടി, മുളക് പൊടി, അയമോദകം, പിന്നെ മല്ലിചപ്പ് ചേർത്ത് കുഴക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർക്കുക. പൂരിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. ശേഷം ഒരു അഞ്ചു മിനുട്ടെങ്കിലും കവർ ചെയ്ത് വയ്ക്കുക.
പിന്നെ ചപ്പാത്തിപ്പലക എടുക്കുക. പൂരി വണ്ണത്തിൽ ഓരോ ഉരുളകളാക്കി വയ്ക്കുക. ശേഷം പരത്തി എടുക്കുക. പിന്നീട് ഗ്യാസ് ഓണാക്കി ഒരു കടായ് എടുത്ത് വയ്ക്കുക. അതിൽ ഫ്രെ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക.അതിനു ശേഷം പരത്തി വച്ച പൂരികൾ ഓരോന്നായി ഫ്രൈ ചെയ്തെടുക്കുക. ടിഷ്യു പേപ്പർ വച്ച പാത്രത്തിൽ ഇടുക. സൂപ്പർ ഉരുളക്കിഴങ്ങ് പൂരി റെഡി. വെള്ളക്കടലക്കറിയും കൂട്ടി കഴിച്ചു നോക്കൂ, അല്ലെങ്കിൽ എതെങ്കിലും ഒരു മസാലക്കറി കൂട്ടി കഴിക്കൂ. പിന്നെ ഒന്നും വേണ്ട. കുട്ടികൾ ചിലപ്പോൾ കറിയില്ലാതെ ക്കഴിക്കും. അത്രയ്ക്ക് രുചിയാണെന്നേ.