പ്രഭാത ഭക്ഷണം എന്നത് നമ്മുടെ മലയാളികൾക്ക് വളരെ പ്രധാനമാണ്. അതു കഴിക്കാതെ നിന്നാൽ ആകപ്പാടെ ഒരു ക്ഷീണം ആയിരിക്കും. നോർത്തിലുള്ളവർക്കൊന്നും പ്രഭാത ഭക്ഷണം ഒരു കാര്യവുമല്ല. നമ്മൾക്കാണെങ്കിൽ ആഴ്ചയ്ക്ക് 7 ദിവസം 7 വിധത്തിലുള്ളതു വേണം താനും.കഴിച്ച് കഴിച്ച് മടുത്താലും പ്രഭാത ഭക്ഷണം നമ്മുക്ക് കഴിക്കാതെ പറ്റില്ലാലോ. പ്രാതൽ നിർബന്ധമായും കഴിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് താനും. ഒരുപോലെയുള്ളത് കഴിച്ച് മടുക്കുമ്പോൾ വേറെ ഉണ്ടാക്കാൻ ശ്രമിക്കും. അങ്ങനെ ഒരു പ്രഭാത ഭക്ഷണമാണ് നാം ഇന്ന് പരിചയപ്പെടുത്തുന്നത്.റവ കൊണ്ടുള്ള ഇഡ്ഡിലി. വളരെ ടേസ്റ്റിയായ ഇഡ്ഡിലി. അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട .പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. വളരെ ഹെൽത്തിയായ പ്രാതൽ കൂടിയാണിത്. റവ ഇഡ്ഡിലി ഉണ്ടാക്കാൻ എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം..
റവ- 1 കപ്പ്, തൈര് – 1/2കപ്പ്, ഉപ്പ്- ആവശ്യത്തിന്, കടുക്- കാൽ പിടി, ചെറുപയർ പരിപ്പ് – 1/4 ടീസ്പൂൺ, കടല പരിപ്പ്- അര പിടി, ഇഞ്ചി, പച്ചമുളക്- 1 എണ്ണം, കറിവേപ്പില, കായപ്പൊടി, മല്ലി ചപ്പ്, ബേക്കിങ് സോഡ (ഇനോ)
ആദ്യം ഒരു പാത്രം എടുക്കുക.അതിലേക്ക് ഒരു കപ്പ് തരി ഇടുക. അരിച്ചെടുത്ത തരിയാണ് ഉപയോഗിക്കേണ്ടത്.അതിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. പിന്നെ അരകപ്പ് തൈരിടുക. കട്ടിയുള്ള അധികം പുളിയില്ലാത്ത തൈരാണ് നല്ലത്. എല്ലാം കൂടി നല്ലവണ്ണം യോജിപ്പിക്കുക. പിന്നെ കുറച്ച് വെള്ളം ചേർത്ത് അധികം കട്ടയിൽ കലക്കരുത്. നന്നായി യോജിപ്പിച്ച് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. തരി വറുത്തതാണെങ്കിൽ അരമണിക്കൂർ വയ്ക്കുക.വറുക്കാത്ത തരി ആണെങ്കിൽ 20 മിനുട്ട് മതിയാവും.
അര മണിക്കൂർ കഴിഞ്ഞ് നോക്കുക. അത് കൂടുതൽ കട്ടിയായിട്ടുണ്ടാവും. അതു കൊണ്ട് കുറച്ച് ലൂസാവാൻ വെള്ളം ചേർക്കുക. അധികം ലൂസാവരുത്. ഇഡ്ഡിലി മാവിനേക്കാൾ കുറച്ചധികം കട്ടിയുണ്ടാവേണം. ഇത് നാം അരിയുടെ ഇഡ്ഡിലി ഉണ്ടാക്കുന്നതു പോലെ ഉണ്ടാക്കിയാൽ അത്ര രുചികരമായി തോന്നില്ല. കാരണം തരി ആണല്ലോ.ഇത് രുചി കൂടാൻ കുറച്ച് കാര്യങ്ങൾ കൂടി ചെയ്യേണം.രുചി കൂട്ടാൻ ഇതിൽ താളിച്ചു ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുണ്ടാവും.
ഒരു തവയിൽ കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം മാത്രം കടുകിടുക. ചെറുപയർ പരിപ്പ് ഒരു 1/4 ടീസ്പൂൺ ഇടുക. പിന്നീട് കുറച്ച് കടല പരിപ്പിടുക. കുറച്ച് ഇഞ്ചിയിടുക.പച്ചമുളക് ഒന്ന് കട്ടു ചെയ്തിടുക. ഇതൊക്കെ നന്നായി വഴറ്റുക. ഒരു 1/4 ടീസ്പൂൺ കായം ഇടുക.കുറച്ച് കറിവേപ്പില ഇടുക. പിന്നീട് മുറിച്ച് വച്ചിരിക്കുന്ന മല്ലി ചപ്പിടുക.ഈ താളിച്ചു വച്ചത് കുറച്ച് ത ണിയുവാൻ വേണ്ടി വയ്ക്കുക. തണിഞ്ഞതിനു ശേഷം ഇഡ്ഡിലി കൂട്ടിൽ താളിച്ചത് ചേർക്കുക. അതിനു ശേഷം ഒന്നുകിൽ ബേക്കിംങ് സോഡ അല്ലെങ്കിൽ ബ്ലൂ കളർ ഇനോ ഏതെങ്കിലും ഒന്ന് 1/4 ടീസ്പൂൺ ഇഡ്ഡിലി കൂട്ടിൽ ചേർത്ത് നല്ല വണ്ണം ഇളക്കുക.ഇത് ചേർക്കുന്നത് കൂട്ട് കുറച്ച് സോഫ്റ്റും പൊങ്ങുവാനും വേണ്ടിയാണ്.പെട്ടെന്ന് ഉണ്ടാക്കുന്നതല്ലേ. തലേ ദിവസം അരച്ചത് പോലെ സോഫ്റ്റാവില്ലല്ലോ. അതിനാണ് ചേർക്കുന്നത്.
ഇത് ഉണ്ടാക്കിയ ശേഷം അധിക സമയം വയ്ക്കരുത്. വേഗത്തിൽ തന്നെ ഉണ്ടാക്കി കഴിക്കണം. കാരണം വേഗത്തിൽ മോശമായിപ്പോവും, ടേസ്റ്റും കുറയും. അതു കൊണ്ട് ഇഡ്ഡിലി തട്ടെടുത്ത് അതിൽ കുറച്ച് എണ്ണ തടവുക. അതിൽ ഉണ്ടാക്കിയ കൂ ട്ടൊഴിക്കുക. അതൊരു പത്തു മിനുട്ട് വയ്ക്കുക. പത്തു മിനുട്ട് കഴിഞ്ഞ് ഓഫ് ചെയ്ത് ഇഡ്ഡിലി പുറത്തെടുക്കുക. ഒരു രണ്ടു മൂന്ന് മിനുട്ട് ചൂട് തണിയാൻ വച്ച് ഇഡ്ഡിലി പുറത്തെടുക്കുക.ഇത് തേങ്ങാ ചട്ണിയോ സാമ്പാറോ കൂട്ടി കഴിക്കാൻ വളരെ രുചികരമാണ്. എല്ലാവരും പരീക്ഷിച്ചു നോക്കു രുചികരമായ റവ ഇഡ്ഡിലി.