പലതരത്തിലുള്ള വെജിറ്റബിൾസ് കൊണ്ടും നാം മെഴുക്കുപുരട്ടി തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് വ്യത്യസ്തമായ ഒരു മെഴുക്കുപുരട്ടി നമുക്ക് ഉണ്ടാക്കി നോക്കാം. വ്യത്യസ്തമായ രുചിയിലുള്ള പച്ചക്കായ വച്ചുള്ള ഒരു മെഴുക്കുപുരട്ടിയാണ് ഉണ്ടാക്കാൻ പോവുന്നത്. ഈ മെഴുക്കുപുരട്ടി തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
പച്ചക്കായ – 400 ഗ്രാം, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, വെളുത്തുള്ളി – 10 എണ്ണം, ചെറിയ ഉള്ളി – 15 എണ്ണം, കറിവേപ്പില, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, കടുക് – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – ആവശ്യത്തിന്, ചില്ലിഫ്ലെയ്ക്ക്സ് – 1 ടീസ്പൂപൂൺ,ഉപ്പ് – ആവശ്യത്തിന്.
ആദ്യം തന്നെ പച്ചക്കായ് വൃത്തിയായി കഴുകി എടുക്കുക. അതിൻ്റെ തൊലി കളഞ്ഞെടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് പച്ചക്കായ നാലായി മുറിച്ച് കുറച്ച് നീളത്തിൽ അരിഞ്ഞ ശേഷം അതിൽ മഞ്ഞൾ പൊടി ചേർത്ത് കഴുകുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഇനി ഗ്യാസ് ഓണാക്കിയ ശേഷം കടായിയിൽ കഴുകി വച്ച പച്ചക്കായയും, മഞ്ഞളും, ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് മൂടി വച്ച് വേവിക്കുക. പാകമായാൽ ഇറക്കി വയ്ക്കുക. ശേഷം ഒരു മൺചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും ചതച്ചു വച്ച വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ചേർക്കുക.
പിന്നീട് കുറച്ച് ഉപ്പ് ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കുക. ശേഷം വേവിച്ചെടുത്ത പച്ചക്കായയും, ഉപ്പും ചേർക്കുക. ശേഷം മിക്സാക്കി ലോ ഫ്ലെയ്മിൽ വേവിച്ചെടുക്കുക. വെള്ളമൊക്കെ വറ്റിയ ശേഷം ഇറക്കി വയ്ക്കുക. അങ്ങനെ രുചികരമായ പച്ചക്കായ മെഴുക്കുപുരട്ടി റെഡി. സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി ചോറിൻ്റെയും കറിയുടെയും കൂടെ ഈയൊരു മെഴുക്കുപുരട്ടി കൂട്ടി കഴിച്ചു നോക്കു.