ബിരിയാണി പലവിധത്തിലുണ്ടല്ലോ. അതിൽ നാം കഴിക്കുന്ന ബിരിയാണികളിൽ നിന്ന് വ്യത്യസ്തമായ റിബൺ റൈസ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം. വളരെ എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാൻ സാധിക്കുന്ന ഈ റൈസ് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചിക്കൻ – 1 കിലോ, ഉള്ളി – 2 എണ്ണം, തക്കാളി – 2 എണ്ണം, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 8 എണ്ണം, പച്ചമുളക് – 8 എണ്ണം, കറിവേപ്പില, കാശ്മീരി ചില്ലി പൗഡർ – 2 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ഗരംമസാല – 1 ടീസ്പൂൺ, മല്ലിയില , ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ, ജീരകശാലാ റൈസ് – 3 ഗ്ലാസ്. ചമ്മന്തി തയ്യാറാക്കാൻ തേങ്ങ – 1 കപ്പ്, മല്ലി ചപ്പ്, പുതിനയില, പച്ചമുളക് – 2 എണ്ണം, ചെറുനാരങ്ങാ നീര് – 1 ടീസ്പൂപൂൺ.
ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം കുരുമുളകും, ഉപ്പും ചേർത്ത് കുക്കറിൽ ഇടുക. കുക്കറെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ഒരു 3 വിസിൽ വരുത്തി ഗ്യാസ് ഓഫ് ചെയ്യുക. പിന്നീട് ചിക്കൻ തണുത്ത ശേഷം അതിൻ്റെ കൊട്ടുള്ള ഭാഗം നീക്കം ചെയ്ത് ചിക്കനുള്ള ഭാഗം എടുത്ത് വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. പിന്നീട് നെയ്യ് ചൂടായി വരുമ്പോൾ അതിൽ നീളത്തിൽ അരിഞ്ഞ ഉള്ളി ചേർത്ത് കുറച്ച് ഉപ്പ് ചേർത്ത് വഴറ്റുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത് ചേർക്കുക. ശേഷം അതിൻ്റെ പച്ചമണം മാറി വരുമ്പോൾ അതിൽ തക്കാളി അരിഞ്ഞ് ചേർക്കുക. പിന്നീട് മസാലകളായ കാശ്മീരി ചില്ലി പൗഡറും, ഗരം മസാലയും ചേർത്ത് മിക്സാക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക. ശേഷം ഒരു അഞ്ച് മിനുട്ട് മൂടിവച്ച് വേവിക്കുക. പിന്നീട് തുറന്ന് കട്ട് ചെയ്ത് വച്ച മല്ലി ഇല ചേർത്ത് ഇറക്കിവയ്ക്കുക.
ഇനി ചോറ് തയ്യാറാക്കാം. ഒരു പാത്രമെടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നെ അതിൽ നെയ്യ് ഒഴിക്കുക. ശേഷം പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കുക. പിന്നീട് അതിൽ തിളപ്പിച്ചെടുത്ത 41/2 ഗ്ലാസ് വെള്ളം ഒഴിക്കുക. ശേഷം ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം കഴുകി വച്ച ജീരകശാലാ അരി ഇട്ട് ലോ ഫ്ലെയ്മിൽ മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഒന്ന് തുറന്നു നോക്കി ഇളക്കുക. ശേഷം ഒരു 5 മിനുട്ട് കൂടി മൂടിവച്ച് വേവിക്കുക. ചോറ് പാകമായ ശേഷം പകുതി ചോറ് മാറ്റി വയ്ക്കുക. ശേഷം ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ പാലും, 1/2 ടീസ്പൂൺ മഞ്ഞളും ഒഴിച്ച് മിക്സാക്കുക. പിന്നീട് പാത്രത്തിൽ പകുതിയുള്ള ചോറിൽ മഞ്ഞൾ പാൽ യോജിപ്പിച്ചത് ഒഴിച്ച് മിക്സാക്കുക. പിന്നീട് ഒരു തേങ്ങയും, പച്ചമുളകും, മല്ലിയില, പുതിനയില, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ മിക്സിയിലിട്ട് അരച്ച് ചമ്മന്തി തയ്യാറാക്കി എടുക്കുക.
ശേഷം ഒരു ചതുര ഷെയ്പ്പിലുള്ള ഒരു ട്രേ എടുക്കുക. അതിൽ മഞ്ഞൾ മിക്സാക്കിയ ചോറ് ചേർക്കുക. നല്ല രീതിയിൽ സ്പൂൺ കൊണ്ട് പ്രസ് ചെയ്യുക. ശേഷം തയ്യാറാക്കി വച്ച ചിക്കൻ്റെ മസാല അതുപോലെ പ്രസ് ചെയ്ത് കൊടുക്കുക. ശേഷം വൈറ്റ് റൈസ് ഇട്ട് പ്രസ് ചെയ്യുക. പിന്നെ തയ്യാറാക്കി വച്ച ചമ്മന്തിയും ഇട്ട് പ്രസ് ചെയ്യുക. പിന്നീട് മഞ്ഞൾ ചോറ് ചേർക്കുക. ശേഷം ഒരു പാത്രമെടുത്ത് കമഴ്ത്തി വയ്ക്കുക. അങ്ങനെ രുചികരമായ റിബൺ റൈസ് റെഡി.