ഹോട്ടൽ രുചിയിൽ പത്തിരിയുണ്ടാക്കാം എളുപ്പത്തിൽ. ഓർത്തിരിക്കാം എന്നും ഈ രുചിക്കൂട്ട്

നമ്മൾ മലയാളികളിൽ മുസ്ലിം സഹോദരങ്ങളുടെ ഇഷ്ട വിഭവമാണ് പത്തിരി. ഇത് ബീഫും, ചിക്കനും, മട്ടൻ്റയുമൊക്കെ കൂടെ കഴിക്കാൻ നല്ല രുചിയുമാണ്. എന്നാൽ മറ്റുള്ളവർ ഇത് ഉണ്ടാക്കുന്നത് വളരെ വിരളമാണ്. നമുക്കിത് പ്രാതലായും വൈകിട്ട് സ്നാക്സിന് പകരമായാലും കഴിക്കാം. വളരെ രുചികരമായ വിഭവമാണിത്.ഇരുണ്ടാക്കാൻ എന്തൊക്കെയാണ് വേണ്ടതെന്ന് നമുക്ക് നോക്കാം.

അരിപ്പൊടി- 3/4 കപ്പ്, തേങ്ങ- 1 കപ്പ്, പെരും ജീരകം- 3/4 ടീസ്പൂൺ, ചെറിയ ഉള്ളി- 10 എണ്ണം, തിളച്ച വെള്ളം, ഉപ്പ്- ആവശ്യത്തിന്.

ആദ്യം വെള്ളം തിളപ്പിക്കുക. പിന്നീട് നൂൽപുട്ടിനൊക്കെ ഉപയോഗിക്കുന്ന സോഫ്റ്റായ അരിപ്പൊടി എടുക്കുക.അതിലേക്ക് കുറച്ച് ഉപ്പിടുക. പിന്നീട് തേങ്ങയും ചെറിയ ഉള്ളിയും ,പെരുംജീരകവുമിട്ട് മിക്സിയുടെ ജാറിലിട്ട് ഒന്നു കറക്കുക.അധികം അരഞ്ഞു പോവരുത്. അത് അരിപ്പൊടിയിലിട്ട് കുഴക്കുക. അതിനു ശേഷം തിളപ്പിച്ച വെള്ളമെടുത്ത് അരിപ്പൊടിയിലേക്ക് കുറേശ്ശെ ഒഴിക്കുക. ചൂടുള്ളതിനാൽ കൈ കൊണ്ട് കുഴക്കാൻ പ്രയാസമാണ്. സ്പൂൺ കൊണ്ട് യോജിപ്പിക്കുക. കുറച്ച് ചൂട് തണുത്താൽ കൈ കൊണ്ട് നല്ലവണ്ണം കുഴക്കുക. നല്ല സോഫ്റ്റാവുന്നതു വരെ കുഴക്കുക. ഉരുട്ടാൻ പറ്റുന്ന രീതിയിൽ കുഴക്കണം.അത് ഒരു പാത്രം കൊണ്ട് കുറച്ച് സമയം മൂടിവയ്ക്കുക.

പിന്നീട് കുറച്ചു സമയത്തിനു ശേഷം കുഴച്ചു വച്ചത് എടുത്ത് ചപ്പാത്തിയുടെ ഉരുളയുടെ വണ്ണത്തിൽ ഉരുട്ടകളാക്കി വയ്ക്കുക. ശേഷം ചപ്പാത്തിപ്പലയിൽ ഒരു ഉരുള വയ്ക്കുക. പിന്നീട് നനഞ്ഞ ഒരു കോട്ടൺ തുണി മുകളിൽ വയ്ക്കുക. അതിന്റെ മുകളിൽ ഒരു പാത്രത്തിന്റെ മൂടി വച്ച് അമർത്തുക. അപ്പോൾ ഒരു പൂരിയുടെ ഷെയ്പ് ആയിട്ടുണ്ടാവും. അങ്ങനെ എല്ലാ ഉരുളകളും പരത്തുക.

ശേഷം ഒരു പാൻ എടുക്കുക.പാനിൽ എണ്ണ ഒഴിക്കുക. ഗ്യാസ് ഓണാക്കുക. എണ്ണ നല്ല ചൂടായാൽ പരത്തി വച്ച പത്തിരി എടുത്ത് എണ്ണയിൽ ഇടുക. അപ്പോൾ പത്തിരി പൊന്തി വരും. അതിനു ശേഷം മറച്ചിടുക. രണ്ടു ഭാഗവും പാകമാകണം. കറുപ്പ് ആവാൻ പാടില്ല. പൂരിയുടെ ഒക്കെ കളർ ആവുന്നതു വരെയെ വയ്ക്കാൻ പാടുള്ളൂ. പിന്നീട് കോരി എടുക്കുക. ടിഷ്യു പേപ്പറിൽ ഇട്ടു വയ്ക്കുക. ഓരോ പത്തിരിയും അങ്ങനെ ഉണ്ടാക്കിയെടുക്കുക. പിന്നീട് ഇത് സെർവ് ചെയ്യുമ്പോൾ ചിക്കൻ്റെയോ മട്ടൻ്റെയോ കറി കൂട്ടി കഴിക്കാം. വെജിറ്റേറിയൻ ആണെങ്കിൽ മസാലക്കറി കൂട്ടി കഴിക്കാൻ വമ്പൻ രുചിയാണ്. എല്ലാവരും ഉണ്ടാക്കി നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →