പച്ച കപ്പ കൊണ്ട് പഞ്ഞി പോലുള്ള മൃദുലവും രുചികരവുമായ കപ്പ പുട്ട് ഉണ്ടാക്കാം

നമ്മൾ മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാന ഐറ്റമാണ് പുട്ട്. കൂടുതലായും നാം ഉണ്ടാക്കുന്നത് അരിപ്പൊടി കൊണ്ടുള്ള പുട്ടാണ്. എന്നാൽ ഇപ്പോൾ ഗോതമ്പു കൊണ്ടും, അവിൽ കൊണ്ടുമൊക്കെ പുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു പുട്ടാണ് ഉണ്ടാക്കാൻ പോവുന്നത്. കപ്പ കിഴങ്ങ് കൊണ്ടുള്ള പുട്ട്. ചില സ്ഥലത്ത് കപ്പ അല്ലെങ്കിൽ പുള, മരച്ചീനി ഇങ്ങനെയൊക്കെ ഇതിന് പറയാറുണ്ട്. ഇതിൻ്റെ പുട്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നോക്കാം.

കപ്പ – 2 കഷണം, അരിപ്പൊടി – 1/2 കപ്പ്, ഉപ്പ് – ആവശ്യത്തിന്, വെള്ളം, തേങ്ങ ചിരവിയത് – 1 കപ്പ്. ഈ ചേരുവകൾ ഉപയോഗിച്ച് നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം. ഇനി എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നോക്കാം.

ആദ്യം തന്നെ കപ്പ തോൽകളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം ഒരു ബൗളെടുത്ത് കപ്പ ഗ്രേറ്റ് ചെയ്തെടുക്കുക. നേരിയതായി ഗ്രേറ്റ് ചെയ്തെടുക്കുക. പിന്നെ കൈ കൊണ്ട് അതിൻ്റെ വെള്ളം പിഴിഞ്ഞെടുക്കുക. നല്ല രീതിയിൽ പിഴിഞ്ഞെടുക്കണം. ശേഷം ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക.

അതിൽ അരിപ്പൊടി ഇട്ട് കൊടുക്കുക. ശേഷം ഉപ്പ് കൂടി ചേർത്ത് കുഴച്ചെടുക്കുക. മറ്റൊരു ബൗളിൽ തേങ്ങ ചിരവിയത് എടുക്കുക. പിന്നീട് പുട്ടിൻ്റെ പാത്രം എടുക്കുക. അതിൽ വെള്ളം ഒഴിച്ച് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. വെള്ളം തിളച്ചു വരുമ്പോൾ പുട്ടിൻ്റെ കുറ്റിയിൽ ആദ്യം തേങ്ങ ചിരവിയത് ഇടുക. ശേഷം കുഴച്ചു വച്ച കപ്പ ഇട്ട് കൊടുക്കുക. പിന്നീട് വീണ്ടും തേങ്ങ ചിരവിയത് ഇടുക. വീണ്ടും കുഴച്ച കപ്പ ഇട്ട് കൊടുക്കുക. അങ്ങനെ നാം എല്ലാ പുട്ടും ഉണ്ടാക്കുന്നതു പോലെ ചെയ്യുക.

പുട്ട് പാത്രത്തിൽ വച്ച് ആവി വരുത്തുക. ഒരു 10 മിനുട്ട് ആവി വന്ന ശേഷം ഇറക്കി ഒരു സെർവ്വിംങ് പാത്രത്തിൽ ആക്കുക. അങ്ങനെ നമ്മുടെ പഞ്ഞി പോലത്തെ കപ്പ പുട്ട് റെഡി. ചൂടോടെ കടലക്കറിയോ മറ്റോ കൂട്ടി കഴിച്ചു നോക്കൂ. സൂപ്പർ ടേസ്റ്റാണ്. ഈയൊരു പുട്ട് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.