ചൂരക്കറി ഇഷ്ടമാണോ. എന്നാൽ ഇന്ന് സ്പെഷലായി ചേമ്പിൻ താള് ചൂരക്കറി തയ്യാറാക്കാം.


ചൂര മീൻ നമ്മൾ കറി വയ്ക്കാറുണ്ടാവാം. എന്നാൽ ചേമ്പിൻ താള്ചൂരക്കറി ഉണ്ടാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു. അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. അപ്പോൾ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചേമ്പിൻ താള് – 1 എണ്ണം, ചൂരമീൻ- 10 ക്ഷണം, മഞ്ഞൾപൊടി- 1 ടീസ്പൂൺ, മുളക്പൊടി- 3 ടേബിൾ സ്പൂൺ, ഉലുവ- 1 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, ഇഞ്ചി- ചെറിയ കഷണം, വെളുത്തുള്ളി – 10 എണ്ണം, കറിവേപ്പില, ചെറിയ ഉള്ളി – 5 എണ്ണം, പുളി- ചെറിയ കഷണം. ഇനി നമുക്ക് തയ്യാറാക്കി എടുക്കാം.

ഇതിനായി ആദ്യം ചൂര മീനെടുത്ത് കഴുകി വൃത്തിയാക്കി എടുക്കുക. പിന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് കത്തിക്കുക. ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം വെളുത്തുള്ളി, ഇഞ്ചി ചേർത്ത് വഴറ്റുക. പിന്നെ ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. ശേഷം ചേമ്പിൻ താള് മുറിച്ച് ചേർക്കുക. നല്ല രീതിയിൽ വഴറ്റുക. പിന്നെ കറിവേപ്പിലയും കൂടി ചേർക്കുക.

പിന്നെ മസാലകളായ മഞ്ഞൾപൊടി, മുളക്പൊടിയും, ഉലുവപ്പൊടിയും ചേർത്ത് മിക്സാക്കുക. നല്ല രീതിയിൽ പാകമായ ശേഷം ഇറക്കി വയ്ക്കുക. കുറച്ചു തണുത്തതിനു ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. പിന്നെ ഒരു മൺചട്ടി എടുത്ത് ഗ്യാസിൽ വയ്ക്കുക. ചട്ടി ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം കടു ചേർത്ത് പൊട്ടിക്കുക. ശേഷം പച്ചമുളകും, കറിവേപ്പിലയും ചേർക്കുക. പിന്നെ അരച്ചെടുത്തത് ചേർത്ത് മിക്സാക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സാക്കുക.

കുറച്ച് തിളച്ചു വരുമ്പോൾ കഴുകി വച്ച ചൂര മീൻ ഇട്ട് കൊടുക്കുക. പാകത്തിന് ഉപ്പ് ഇട്ട് കൊടുക്കുക. തിളച്ചതിനു ശേഷം മീഡിയം ഫ്ലെയ്മിൽ മൂടി വച്ച് വേവിക്കുക. ഒരു പതിനഞ്ച് മിനുട്ടെങ്കിലും വയ്ക്കുക. ശേഷം തുറന്നു നോക്കി രുചി നോക്കുക. പിന്നെ ഇറക്കി വയ്ക്കുക. അങ്ങനെ രുചികരമായ ചേമ്പിൻ താള്ചൂരക്കറി റെഡി. സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി കഴിച്ചു നോക്കു. ഒരു ഒന്നൊന്നര ടേസ്റ്റാണ് കിട്ടോ.