ഈ തക്കാളി കറി ഉണ്ടെങ്കിൽ വയറുനിറച്ചും ചോറുണ്ണാം. ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കു.

ചോറിന് നമുക്ക് പലതരത്തിലുള്ള കറികൾ വേണമല്ലോ. അതിനാൽ ഇന്ന് ടേസ്റ്റിയും എളുപ്പത്തിലും തയ്യാറാക്കാൻ സാധിക്കുന്ന തക്കാളി കറി ഉണ്ടാക്കാം. ഈ തക്കാളി കറി രുചിയിൽ കേമനാണ്. എന്നാൽ തയ്യാറാക്കിയെടുക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രമേ വേണ്ടൂ. എന്നാൽ എന്തൊക്കെ വേണമെന്ന് നോക്കാം.

തക്കാളി – 3 എണ്ണം, ഉള്ളി – 1 എണ്ണം, പച്ചമുളക് – 3 എണ്ണം, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 5 എണ്ണം, മുളക് പൊടി – 1 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, വെള്ളം, കടുക് – 1/2 ടീസ്പൂൺ, കറിവേപ്പില, തേങ്ങ – 1/2 കപ്പ്, പെരുംജീരകം – 1/2 ടീസ്പൂൺ, ചെറിയ ഉള്ളി – 4 എണ്ണം, വെളിച്ചെണ്ണ – 1 ടീസ്പൂൺ, വറ്റൽമുളക് – 2 എണ്ണം. ഇനി നമുക്ക് തക്കാളിക്കറി തയ്യാറാക്കാം.

ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം കുറച്ച് എണ്ണ ഒഴിക്കുക. പിന്നെ അതിൽ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി വെളുത്തുള്ളി ചെറുതായി അരിഞ്ഞ് ചേർക്കുക. കുറച്ച് വഴന്നു വരുമ്പോൾ അതിൽ ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ മസാലകളായ മഞ്ഞൾപൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ കുറച്ച് വലുപ്പത്തിൽ അരിഞ്ഞ തക്കാളി ചേർക്കുക. വഴറ്റിയെടുക്കുക. പിന്നീട് പാകത്തിന് കുറച്ച് വെള്ളം ചേർത്ത് മൂടിവയ്ക്കുക.

പിന്നീട് ഒരു മിക്സിയുടെ ജാറെടുത്ത് അതിൽ ചിരവിയ തേങ്ങ ചേർക്കുക. പെരുംജീരകം ചേർത്ത് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഇനി മൂടിവച്ച തക്കാളി പാകമായോ നോക്കി അതിൽ അരച്ചു വച്ച തേങ്ങ ചേർക്കുക. തിളച്ചു വരുമ്പോൾ ഉപ്പ് ചേർത്ത് ഇറക്കിവയ്ക്കുക. ശേഷം ചെറിയ കടായ് വച്ച് അതിൽ വെളിച്ചെണ്ണ ഒഴിക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ കടുക് ചേർക്കുക. കടുക് പൊട്ടുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞ് ചേർക്കുക. ശേഷം കറിവേപ്പിലയും, കായ് മുളകും ചേർത്ത് വഴറ്റുക. പിന്നീട് തയ്യാറാക്കിയ തക്കാളി കറിയിൽ ഒഴിക്കുക. മിക്സാക്കി ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ തക്കാളിക്കറി റെഡി.