നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമുള്ള കറികളാണ് ഇതൊക്കെ. ഇത് ഉണ്ടാക്കാൻ അധികം സാധനങ്ങൾ ഒന്നും വേണ്ട. പെട്ടെന്ന് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചെറിയ ഉള്ളി – 16 എണ്ണം, പുളി , തേങ്ങ ചിരവിയത് – 1/2 കപ്പ്, മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ, ഉപ്പ്, കറിവേപ്പില, കായ് മുളക് – 8 എണ്ണം, മല്ലി – 2 ടേബിൾ സ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ, വെളിച്ചെണ്ണ – 1 ടീസ്പൂൺ, കടുക് – 1/2 ടീസ്പൂൺ, ഉലുവ – 1/4 ടീസ്പൂൺ, കായ് മുളക് – 2 എണ്ണം, തേങ്ങാ കൊത്ത് – 1 ടീസ്പൂൺ.
നമുക്ക് ഉണ്ടാക്കാൻ തുടങ്ങാം. അതിന് ആദ്യം നമുക്ക് തേങ്ങ വറുത്തെടുക്കാം. തേങ്ങ വറുക്കാൻ ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് കറുവേപ്പില ചേർക്കുക. പിന്നീട് മല്ലിയിടുക. ശേഷം കായ് മുളക് ഇട്ട് കൊടുക്കുക. പിന്നീട് ചിരവി വച്ച തേങ്ങ ചേർത്ത് വഴറ്റുക. ഇളക്കി കൊണ്ടിരിക്കണം. ശേഷം മഞ്ഞൾ പൊടി ചേർക്കുക.
പിന്നീട് ഒരു ലൈറ്റ് ബ്രൗൺ ആവുന്നതു വരെ വഴറ്റുക. ശേഷം ഇറക്കി വയ്ക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. മാറ്റി വച്ചില്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോവും. പിന്നെ ഒരു മൺചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം തേങ്ങാ കൊത്ത് ഒന്നു വഴറ്റുക. പിന്നെ കറിവേപ്പില ചേർക്കുക. ശേഷം ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
പിന്നീട് മഞ്ഞൾ പൊടി ചേർത്ത് വഴറ്റുക. ശേഷം നമ്മൾ തയ്യാറാക്കി വച്ച തേങ്ങ മിക്സിയിലിട്ട് അരക്കുക. അത് ഈ ഉളളി വഴന്നു വന്നതിനു ശേഷം തേങ്ങ അരച്ചത് ചേർക്കുക. ശേഷം ഗ്യാസ് കൂട്ടി വച്ച് തിളപ്പിക്കുക. പിന്നെ പുളി പിഴിഞ്ഞ് അതിൻ്റെ വെള്ളം ഒഴിക്കുക. ടേസ്റ്റ് നോക്കി ഉപ്പ് വേണമെങ്കിൽ ഉപ്പ് കൂടി ചേർത്ത് മൂടിവച്ച് വേവിക്കുക. ശേഷം ഇറക്കി വയ്ക്കുക.
പിന്നീട് ചെറിയൊരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ കടുകിടുക. കടുക് പൊട്ടി വരുമ്പോൾ അതിൽ കായ്മുളകിടുക. ഉലുവ കൂടി ഇടുക.ശേഷം അതിൽ കറിവേപ്പിലയും ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. ഇതെടുത്ത് ഉള്ളി തീയലിൽ ഒഴിക്കുക. നല്ല രുചികരമായ ഉള്ളി തീയൽ റെഡി. ചോറിന് ഇതുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. എല്ലാവരും ഉള്ളി തീയൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.