varutharacha sambar

നാടൻ വറുത്തരച്ച കേരള സാമ്പാർ എങ്ങനെ ഉണ്ടാക്കാം. പഴയ രുചി മറന്നിട്ടില്ലല്ലോ

നമ്മൾ കേരളീയരുടെ വറുത്തരച്ച സാമ്പാർ ഉണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം. തുവര പരിപ്പ് – 1/2 കപ്പ്, കാരറ്റ് – 1 എണ്ണം, ഉള്ളി – 1 എണ്ണം, മുരിങ്ങക്കായ – 1 എണ്ണം, തക്കാളി – 1 എണ്ണം, മല്ലി – 1 ടീസ്പൂപൂൺ, പച്ചക്കായ – പകുതി, വെളുത്തുള്ളി – 12എണ്ണം, ചെറിയ ഉള്ളി – 8 എണ്ണം, ഇഞ്ചി – ചെറിയ കഷണം, പച്ചമുളക് – 4 എണ്ണം, ഉരുളക്കിഴങ്ങ് – 1 എണ്ണം, പുളി – നാരങ്ങാ വലുപ്പം, കായം – 1/2 ടീസ്പൂൺ, ഉലുവ – ഒരു നുള്ള്, വഴുതിനിങ്ങ – 1 എണ്ണം, വെണ്ടക്ക – 6 എണ്ണം ,മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 2 ടീസ്പൂൺ, സാമ്പാർ പൊടി – 1 ടീസ്പൂൺ, കുരുമുളക് – 8 എണ്ണം, എണ്ണ, കറിവേപ്പില, മല്ലി ചപ്പ് ,തേങ്ങ – 1 കപ്പ്, കടുക് – 1/2 ടീസ്പൂൺ, വെള്ളം, വെല്ലം – ചെറിയ കഷണം.

ആദ്യം തന്നെ ഒരു കുക്കറെടുത്ത് അതിൽ കഴുകി വച്ച തുവര പരിപ്പ് ചേർക്കുക. ഒരു അര മണിക്കൂർ അതിൽ കുതിരാൻ വയ്ക്കുക. പിന്നീട് പച്ചക്കറികളായ കാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചക്കായ എന്നിവ നീളത്തിൽ അരിഞ്ഞത് കുക്കറിൽ ഇടുക. ശേഷം ഉള്ളി അരിഞ്ഞത് ചേർക്കുക. പിന്നെ 2 പച്ചമുളക്, 3 അല്ലി വെളുത്തുള്ളി, ചെറിയ ഇഞ്ചി കഷണം ക്രഷ് ചെയ്തത് കുറച്ച് മഞ്ഞൾ പൊടി, 1 ടീസ്പൂൺ മുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക. മുങ്ങാൻ മാത്രം വെള്ളം ഒഴിക്കുക. ശേഷം കുക്കർ മൂടി ഗ്യാ സിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. 2 വിസിൽ വന്ന ശേഷം ഇറക്കി വയ്ക്കുക. പിന്നീട്  ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ  എണ്ണ ഒഴിക്കുക. ശേഷം അതിൽ മല്ലി, കുരുമുളക്, ഉലുവ ചേർക്കുക. പിന്നീട്  അതിൽ 4 അല്ലി വെളുത്തുള്ളി, 2 ചെറിയ ഉള്ളി എന്നിവ ചേർക്കുക.

കുറച്ച് കറിവേപ്പില, ചിരവിയ തേങ്ങ എന്നിവ ചേർക്കുക. ലോ ഫ്ലെയ് മിൽ ലൈറ്റ് ബ്രൗൺ ആവുന്നതു വരെ വഴറ്റുക. ശേഷം ഇറക്കി വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. അതിൽ 2 അല്ലി വെളുത്തുള്ളി, 2 ചെറിയ ഉള്ളി എന്നിവ ചേർക്കുക. ശേഷം നീളത്തിൽ അരിഞ്ഞുവച്ച തക്കാളി, വെണ്ടക്ക, വഴുതിനിങ്ങ , മുരിങ്ങ, പച്ചമുളക് എന്നിവ ചേർക്കുക. പിന്നീട് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് ചേർക്കുക. മുടി വച്ച് ലോ ഫ്ലെയ് മിൽ വേവിക്കുക. ശേഷം തുറന്നു നോക്കി സാമ്പാർ പൊടി ചേർക്കുക. വഴറ്റുക. എല്ലാം പാകമായ ശേഷം ഇറക്കി വയ്ക്കുക.

പിന്നീട് നമ്മൾ വറുത്തു വച്ച തേങ്ങ മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ശേഷം ഫ്രൈ ചെയ്ത പച്ചക്കറികൾ കുക്കറിലേക്ക് ചേർക്കുക. പിന്നെ ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ തേങ്ങ അരച്ചത് ചേർക്കുക. പുളി വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. തിളച്ച ശേഷം രുചിനോക്കി ചെറിയ കഷണം വെല്ലം ചേർക്കുക. തിളച്ച ശേഷം ഇറക്കി വയ്ക്കുക. മല്ലി ചപ്പ് കഷണങ്ങളാക്കിയത് ചേർക്കുക.

പിന്നീട് ചെറിയൊരു കടായ് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക. കടുക് ചേർക്കുക. കടുക് പൊട്ടിയ ശേഷം അതിൽ കായം ചേർക്കുക. പിന്നെ വെളുത്തുള്ളി ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റുക. കളർ മാറിയ ശേഷം കറിവേപ്പില കൂടി ചേർത്ത് ഇളക്കി ഇറക്കി വച്ച് സാമ്പാറിൽ ഒഴിക്കുക. നല്ല വറുത്തരച്ച സാമ്പാർ റെഡി. ദോശയ്ക്കും, ഇഡ്ഡി ലിക്കും, ചോറിനും ഇതുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →